ആൽബർട്ടയിലെ റെഡ് ഡിയറിൽ അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിലുള്ള സേവനം ഉറപ്പാക്കുന്നതിനായി 'ഡ്രോൺ ആസ് ഫസ്റ്റ് റെസ്പോണ്ടർ' എന്ന നൂതന പദ്ധതിക്ക് RCMP തുടക്കം കുറിക്കുന്നു. ഈ സംവിധാനം നിലവിൽ വരുന്നതോടെ, പൊലീസ് ഉദ്യോഗസ്ഥരോ മറ്റ് രക്ഷാപ്രവർത്തകരോ സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപേ ഡ്രോണുകൾ അവിടെയെത്തി തത്സമയ ദൃശ്യങ്ങളും വിവരങ്ങളും കൈമാറും. കാനഡയിൽ ഇത്തരമൊരു സാങ്കേതികവിദ്യ ആദ്യമായി നടപ്പിലാക്കുന്ന പോലീസ് വിഭാഗമാണ് റെഡ് ഡീർ ആർ.സി.എം.പി.
സുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുത്തുന്നതിനും ഓരോ സാഹചര്യത്തിനും അനുയോജ്യമായ വിഭവങ്ങൾ കൃത്യമായി വിന്യസിക്കുന്നതിനും ഈ പദ്ധതി വലിയ തോതിൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രണ്ട് പ്രധാന കേന്ദ്രങ്ങളിൽ നിന്നായിരിക്കും ഡ്രോണുകൾ നിയന്ത്രിക്കപ്പെടുക. പോലീസ് സ്റ്റേഷനിലിരുന്നു കൊണ്ട് തന്നെ വിദഗ്ധരായ പൈലറ്റുമാർക്ക് അപകടസ്ഥലത്തെ ദൃശ്യങ്ങൾ നിരീക്ഷിക്കാനും, അവിടെ എന്തെങ്കിലും ആയുധങ്ങളോ മറ്റ് അപകടസാധ്യതകളോ ഉണ്ടോ എന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാനും സാധിക്കും.
2020 മുതൽ തിരച്ചിൽ പ്രവർത്തനങ്ങൾക്കും മറ്റും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഒരു അടിയന്തര കോൾ ലഭിച്ചാലുടൻ ആദ്യം ഡ്രോണിനെ അയക്കുന്ന രീതി സുരക്ഷാ മേഖലയിൽ വലിയൊരു നാഴികക്കല്ലാണ്. പൊതുജനങ്ങളുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുകയെന്ന് ആർ.സി.എം.പി ഉറപ്പുനൽകിയിട്ടുണ്ട്.