പ്ലേ ആൽബെർട്ട വിൽപനയ്ക്ക്: ഉപഭോക്താക്കളുടെ ഡാറ്റയും കൈമാറാൻ അനുവാദം നല്കുന്ന ബിൽ 31നെതിരെ വിവാദം പുകയുന്നു

By: 600110 On: May 12, 2026, 11:02 AM


ആൽബർട്ടയിലെ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമായ പ്ലേ ആൽബെർട്ട വിൽക്കാനും അതിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറാനും അനുവദിക്കുന്ന പുതിയ നിയമത്തിനെതിരെ കാനഡയിൽ ശക്തമായ പ്രതിഷേധം. ആൽബർട്ട സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ആൽബെർട്ട ഗെയിമിംഗ്, ലിക്വർ ആൻഡ് കന്നാബിസ് (AGLC) എന്ന സ്ഥാപനത്തിന് തങ്ങളുടെ ഡാറ്റാബേസ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ അധികാരം നൽകുന്ന ബിൽ 31 ആണ് വിവാദത്തിലായിരിക്കുന്നത്.

ആൽബർട്ട നിയമസഭ പാസാക്കിയ ഈ നിയമം, പൊതുസ്ഥാപനങ്ങൾക്ക് വ്യക്തിവിവരങ്ങൾ വിൽക്കുന്നതിനുള്ള വിലക്കിൽ ഇളവ് നൽകുന്നതാണ്. പ്ലേ ആൽബെർട്ട പ്ലാറ്റ്‌ഫോം വിൽക്കുകയാണെങ്കിൽ, അതിലെ 4.3 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങളും (പേര്, പ്രായം, ലൊക്കേഷൻ, ചൂതാട്ട ശീലങ്ങൾ എന്നിവ) വാങ്ങുന്ന കമ്പനിക്ക് കൈമാറാൻ സർക്കാരിന് ഇതിലൂടെ അധികാരം ലഭിക്കും.

ആൽബർട്ടയിലെ സ്വകാര്യതാ കമ്മീഷണറായ ഡയാൻ മക്ലിയോഡ്  ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ഒരു സർക്കാർ സ്ഥാപനത്തിന് വ്യക്തിവിവരങ്ങൾ വിൽക്കാൻ അനുമതി നൽകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. ഇത് മറ്റ് സർക്കാർ വകുപ്പുകൾക്കും ഭാവിയിൽ ഇതിന് പ്രേരണയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.  ലാഭത്തിനുവേണ്ടി നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

എന്നാൽ സർവീസ് ആൽബെർട്ട മന്ത്രി ഡെയ്‌ൽ നാലി ഈ നിയമത്തെ ന്യായീകരിച്ചു. പ്ലേ ആൽബെർട്ട ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, എന്നാൽ ഒരു ബിസിനസ് വിൽക്കുമ്പോൾ അതിൻ്റെ കസ്റ്റമർ റെക്കോർഡുകൾ കൈമാറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ അവസരം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. 2024-25 കാലയളവിൽ പ്ലേ ആൽബെർട്ട 267 ദശലക്ഷം ഡോളർ ലാഭമുണ്ടാക്കിയിരുന്നു. 2026 ജൂലൈ 13-ന് ആൽബെർട്ടയിലെ ഓൺലൈൻ ചൂതാട്ട വിപണി സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് പ്ലേ ആൽബെർട്ടയുടെ വിൽപനയും ചർച്ചയാകുന്നത്.