കാനഡയിലെ ആഭ്യന്തര വിമാന യാത്രക്കാരും ഫെഡറൽ ജീവനക്കാരും ഒക്ടോബർ അവസാനത്തോടെ നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം 

By: 600007 On: Oct 6, 2021, 7:21 PM

കാനഡയിലെ ഫെഡറൽ ജീവനക്കാർക്ക് ഒക്ടോബർ 29-നകം നിർബന്ധമായും കോവിഡ് വാക്‌സിൻ എടുക്കേണ്ടതാണ്. വാക്‌സിൻ എടുക്കാത്ത ജീവനക്കാർ നവംബർ 15-മുതൽ ശമ്പളമില്ലാതെയുള്ള  അവധിയിൽ പ്രവേശിക്കേണ്ടി വരും. കൂടാതെ കാനഡയിൽ ഒക്ടോബർ 30 മുതൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് യാത്ര ചെയ്യുവാൻ വാക്‌സിനേഷന്റെ തെളിവ് കാണിക്കേണ്ടതാണെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡും ബുധനാഴ്ച് നടത്തിയ ന്യൂസ് സ്റ്റേറ്റ്മെന്റിലാണ് പുതിയ കോവിഡ് വാക്സിൻ മാൻഡേറ്റുകളുടെ വിശദാംശങ്ങൾ അറിയിച്ചത്.

ഏകദേശം 267,000 ഫെഡറൽ ജീവനക്കാർക്ക് പുതിയകോവിഡ് പോളിസി ബാധകമാകും. 
ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുന്നതിനു പുറമേ, വാക്സിനേഷൻ സ്റ്റാറ്റസ് സാക്ഷ്യപ്പെടുത്താത്ത, അല്ലെങ്കിൽ വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ജീവനക്കാർ, കോവിഡ്  വാക്സിനുകളെക്കുറിച്ച് ഓൺലൈൻ പരിശീലന സെഷൻ എടുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ജീവനക്കാർക്ക്  ജോലിസ്ഥലത്തോ ഏതെങ്കിലും ഓഫ്-സൈറ്റ് ഇവന്റുകളോ മീറ്റിംഗുകളിലോ പങ്കെടുക്കുവാൻ കഴിയില്ല .

ആർസിഎംപി, ഫെഡറൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന കാഷ്വൽ വർക്കർമാർ, വിദ്യാർത്ഥികൾ, ഹെൽത്ത് ഡിപ്പാർട്മെൻറ്, വെറ്ററൻസ് അഫയേഴ്സ് കാനഡ, സർവീസ് കാനഡ, കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി, കാനഡ ബോർഡർ സർവീസ് ഏജൻസി എന്നിവയിലെ ജീവനക്കാർക്കെല്ലാം പുതിയ നിർബന്ധിത വാക്സിനേഷൻ നയം ബാധകമാണ്. ബാങ്കുകൾ പോലുള്ള ഫെഡറൽ നിയന്ത്രിത ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്ക് നിലവിൽ പുതിയ നയം ബാധകമല്ല 

ഫെഡറൽ ജീവനക്കാർക്ക് പുറമേ, ഫെഡറൽ നിയന്ത്രിത എയർ, റെയിൽ, മറൈൻ ട്രാൻസ്‌പോർട്ട് സെക്ടർ   ജീവനക്കാർക്കും യാത്രക്കാർക്കും ഒക്ടോബർ 30 മുതൽ പുതിയ വാക്‌സിൻ നയം ബാധകമാണ്. ആഭ്യന്തര വിമാനങ്ങൾ, ഇന്റർപ്രൊവിൻഷ്യൽ ട്രെയിനുകൾ, ക്രൂയിസ് കപ്പലുകൾ എന്നിവയിൽ യാത്ര ചെയ്യുവാൻ വാക്സിനേഷന്റെ തെളിവ് കാണിക്കേണ്ടതാണ്.  

12 വയസിന് മുകളിലുള്ള ആഭ്യന്തര വിമാന യാത്രക്കാർ, യാത്രയ്ക്ക് 14 ദിവസം മുൻപ് പൂർണ്ണമായും കോവിഡ് വാക്‌സിൻ എടുത്തു എന്നതിന്റെ തെളിവ് കാണിക്കേണ്ടതാണ്.