വിമാനങ്ങൾ റദ്ദാക്കിയ ശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ വെസ്റ്റ്‌ജെറ്റ് എയർലൈൻസ് കബളിപ്പിക്കുന്നതായി പരാതി. വിമാനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് എയർലൈൻ യാത്രക്കാരെ വഞ്ചിക്കുന്നതെന്നാണ് ആരോപണം. സംഭവത്തിൽ കാനഡയിലെ റെഗുലേറ്ററി അതോറിറ്റി അന്വേഷണം ആരംഭിച്ചു.
കാനഡയിലെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ നിയമപ്രകാരം, വിമാനങ്ങൾ ഒൻപത് മണിക്കൂറിൽ കൂടുതൽ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ ഓരോ യാത്രക്കാരനും ഏകദേശം 1,000 ഡോളർ വരെ നഷ്ടപരിഹാരം നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. എന്നാൽ 'സുരക്ഷാപരമായ അറ്റകുറ്റപ്പണികൾ' (Safety-related maintenance) കാരണമാണ് വിമാനം റദ്ദാക്കുന്നതെങ്കിൽ ഈ തുക നൽകേണ്ടതില്ല. ഈ നിയമത്തെ വെസ്റ്റ്‌ജെറ്റ് ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യാത്രക്കാരുടെ പരാതിയും വിമാനങ്ങളുടെ യാത്രാ രേഖകളും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കൃത്യസമയത്ത് പറക്കാൻ തയ്യാറായ വിമാനത്തിന് പകരം, ദിവസങ്ങളായി അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരിക്കുന്ന മറ്റൊരു വിമാനത്തെ അവസാന നിമിഷം ആ റൂട്ടിലേക്ക് നിശ്ചയിക്കുന്നു. തൊട്ടുപിന്നാലെ, ആ വിമാനത്തിന് സാങ്കേതിക തകരാറാണെന്ന് കാണിച്ച് യാത്ര റദ്ദാക്കുന്നു. സുരക്ഷാ പ്രശ്നമായതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് യാത്രക്കാരെ അറിയിക്കുന്നു. യഥാർത്ഥത്തിൽ പറക്കാൻ തയ്യാറായിരുന്ന വിമാനം ലാഭകരമായ മറ്റ് റൂട്ടുകളിലേക്ക് മാറ്റുകയാണ് എയർലൈൻ ചെയ്തതെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഏകദേശം 34-ഓളം സമാന കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, കൂടുതൽ യാത്രക്കാരെ സഹായിക്കാനാണ് വിമാനങ്ങൾ മാറ്റി നിശ്ചയിക്കുന്നതെന്നാണ് വെസ്റ്റ്‌ജെറ്റിൻ്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ അറ്റകുറ്റപ്പണിയിലുള്ള വിമാനങ്ങൾ എന്തിനാണ് അവസാന നിമിഷം മാറ്റിക്കയറ്റിയത് എന്നതിന് വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായിട്ടില്ല. കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസി വിഷയത്തിൽ കർശനമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം ലംഘിച്ചതായി തെളിഞ്ഞാൽ എയർലൈനിന് വലിയ പിഴ ഒടുക്കേണ്ടി വരും.