സ്വർണ്ണത്തിൻ്റെയും എണ്ണയുടെയും കയറ്റുമതിയിൽ വൻ വർധന, ആറ് മാസത്തിനൊടുവിൽ വ്യാപാര മിച്ചം രേഖപ്പെടുത്തി കാനഡ

By: 600110 On: May 12, 2026, 10:24 AM

സ്വർണ്ണത്തിന്റെയും അസംസ്‌കൃത എണ്ണയുടെയും കയറ്റുമതിയിലുണ്ടായ വർധനവിനെത്തുടർന്ന്, ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വ്യാപാര മിച്ചം രേഖപ്പെടുത്തി കാനഡ. കയറ്റുമതി കുത്തനെ ഉയരുകയും ഇറക്കുമതി കുറയുകയും ചെയ്തതോടെ, കഴിഞ്ഞ മാസങ്ങളിലെ വലിയ വ്യാപാരക്കമ്മിയെ മറികടന്ന് മാർച്ചിൽ 1.8 ബില്യൺ ഡോളറിൻ്റെ  മിച്ചത്തിലേക്കാണ് രാജ്യം എത്തിയത്.

മാർച്ച് മാസത്തിൽ കാനഡയുടെ കയറ്റുമതി 8.5 ശതമാനം വർധിച്ച് 72.8 ബില്യൺ ഡോളറിലെത്തി. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം ഇറക്കുമതിയിൽ 1.6 ശതമാനം കുറവുണ്ടായി. ഫെബ്രുവരിയിൽ 5.1 ബില്യൺ ഡോളർ വ്യാപാരക്കമ്മിയിലായിരുന്ന രാജ്യം ഇതോടെയാണ് 1.8 ബില്യൺ ഡോളർ മിച്ചത്തിലേക്ക് മാറിയത്.  ഇറാനിലെ യുദ്ധസാഹചര്യങ്ങൾ കാരണം ആഗോള വിപണിയിലുണ്ടായ വിലക്കയറ്റമാണ് കാനഡയ്ക്ക് ഗുണകരമായത്. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കയറ്റുമതിയിൽ 3 ബില്യൺ ഡോളറിൻ്റെ (37.7%) വർധനവുണ്ടായി.

ഊർജ്ജ മേഖലയിലെ കയറ്റുമതി 15.6 ശതമാനം ഉയർന്ന് 17.1 ബില്യൺ ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് എണ്ണവില വർധിച്ചതാണ് അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വരുമാനം 18.9 ശതമാനം ഉയരാൻ കാരണമായത്.  അമേരിക്കയിലേക്കുള്ള കയറ്റുമതി 8.3 ശതമാനം വർധിച്ചു. പ്രധാനമായും അസംസ്‌കൃത എണ്ണ, യാത്രാ വാഹനങ്ങൾ എന്നിവയാണ് കയറ്റി അയച്ചത്. ബ്രിട്ടനിലേക്കുള്ള സ്വർണ്ണ കയറ്റുമതിയും ജർമ്മനി, നെതർലൻഡ്സ് എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയും റെക്കോർഡ് ഉയരത്തിലെത്തി.

ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ 3.96 ശതമാനം കുറവുണ്ടായി. മരുന്നുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയും കുറഞ്ഞു. ഇത് രാജ്യത്തെ ആഭ്യന്തര ആവശ്യകത കുറയുന്നതിൻ്റെ സൂചനയായും വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ഈ മുന്നേറ്റം താൽക്കാലികമാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആഗോള വിപണിയിലെ വിലക്കയറ്റം മൂലമാണ് ഇപ്പോൾ ലാഭമുണ്ടായതെന്നും, രാജ്യം എല്ലാ മേഖലകളിലും ഒരുപോലെ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിലെ ജസ്‌ലീൻ കൗർ തെഹാൻ പറഞ്ഞു.