ഹാന്റാവൈറസ് ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജന്‍സി; മുന്‍കരുതല്‍ ശക്തം

By: 600002 On: May 11, 2026, 2:49 PM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: കാനറി ഐലന്‍ഡിലെ ക്രൂയിസ് കപ്പലില്‍ റിപ്പോര്‍ട്ട് ചെയ്ത ഹാന്റാവൈറസ് ബാധയെ നേരിടാന്‍ അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന് സി.ഡി.സി ആക്ടിംഗ് ഡയറക്ടര്‍ ജയ് ഭട്ടാചാര്യ അറിയിച്ചു. സി.എന്‍.എന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് കോവിഡ് പോലെ ഭയപ്പെടേണ്ട സാഹചര്യമല്ലെന്നും പഴയ പ്രോട്ടോക്കോളുകള്‍ വഴി വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കപ്പലിലുണ്ടായിരുന്ന 17 അമേരിക്കന്‍ യാത്രക്കാരെ നെബ്രാസ്‌കയിലെ ക്വാറന്റൈന്‍ യൂണിറ്റിലേക്ക് മാറ്റും. എന്നാല്‍ ഇവരെ നിര്‍ബന്ധിതമായി തടഞ്ഞുവെക്കില്ലെന്നും ആരോഗ്യപരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുമായും (WHO) സ്‌പെയിനിലെ ആരോഗ്യ ഏജന്‍സികളുമായും ചേര്‍ന്ന് യുഎസ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തെ വൈറസ് ബാധയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രക്കാര്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുകയാണ്.