ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ഡാളസ്
ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വന്‍ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച വൈകീട്ട് റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്‌നേഹത്തിന്റെയും നേര്‍ക്കാഴ്ചയായി മാറി.
ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, ബോബന്‍ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമണ്‍, തോമസ് രാജന്‍, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കള്‍ വാചാലരായി.
അമേരിക്കന്‍ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ഒത്തുചേര്‍ന്ന പ്രവാസികളുടെ മനസ്സ് മുഴുവന്‍ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓര്‍മ്മകളും പങ്കുവെച്ചപ്പോള്‍ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകള്‍ക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരല്‍.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യു.ഡി.എഫ് സര്‍ക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേര്‍ന്നു. ഒപ്പം, അര്‍ഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.