ഡെന്‍വര്‍ വിമാനത്താവളത്തില്‍ ദാരുണ അപകടം

By: 600002 On: May 11, 2026, 12:45 PM

 

പ്രസാദ് തീയാടിക്കല്‍

 

ഡെന്‍വര്‍: ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ ഫ്‌ളൈറ്റ് 4345 വിമാനം മെയ് 8 ന് രാത്രി പ്രാദേശിയ സമയം 11:20 ന് അമേരിക്കയിലെ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഉണ്ടായിരുന്ന ഒരാളെ തട്ടിയുണ്ടായ ദാരുണ അപകടം വലിയ ആശങ്കയ്ക്കിടയാക്കി. സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചു.

ടേക്ക് ഓഫ് നടപടിക്കിടെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അടിയന്തര സന്ദേശമായി പറഞ്ഞത് ഇങ്ങനെ:

''ടവര്‍, ഫ്രണ്ടിയര്‍4345, വിആര്‍ സ്റ്റോപ്പിങ് ഓണ്‍ ദി റണ്‍വേ. അഹ് വി ജസ്റ്റ് ഹിറ്റ് സംബഡി ... വി ഹാവ് ആന്‍ എഞ്ചിന്‍ ഫയര്‍.''

സംഭവത്തെ തുടര്‍ന്ന് വിമാനം ഉടന്‍ റണ്‍വേയില്‍ നിര്‍ത്തി. പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡുകള്‍ ഉപയോഗിച്ച് പുറത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

റണ്‍വേയില്‍ ഉണ്ടായിരുന്ന വ്യക്തി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ വ്യക്തി എങ്ങനെ സുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

അമേരിക്കന്‍ വിമാനസുരക്ഷാ ഏജന്‍സികളും വിമാനത്താവള അധികൃതരും ചേര്‍ന്ന് അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ഡെന്‍വര്‍ വിമാനത്താവളത്തിലെ ചില സര്‍വീസുകള്‍ക്ക് താല്‍ക്കാലിക തടസ്സവും നേരിട്ടു.

ഈ സംഭവം അമേരിക്കന്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.