അമ്മമാരാണ് അമേരിക്കയുടെ കരുത്ത്; മാതൃത്വത്തിന്റെ മഹത്വം വീണ്ടെടുക്കണം: മെലാനിയ ട്രംപ്

By: 600002 On: May 11, 2026, 12:00 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: മാതൃത്വത്തിന്റെ പദവിയും ആദരവും സമൂഹത്തില്‍ പുനഃസ്ഥാപിക്കപ്പെടണമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. മാതൃദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജോലിക്കാര്യങ്ങളില്‍ ധീരമായി നേതൃത്വം നല്‍കുമ്പോള്‍ തന്നെ കുടുംബത്തെയും മാതൃത്വത്തെയും മുന്‍നിര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

അമേരിക്കയുടെ സ്വഭാവരൂപീകരണത്തിലും വിദ്യാഭ്യാസത്തിലും ധാര്‍മ്മികതയിലും അമ്മമാര്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. ജനാധിപത്യം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും അടിസ്ഥാനം കുടുംബമാണെന്ന് മെലാനിയ ട്രംപ് പറഞ്ഞു.

ജോലിക്ക് കുടുംബത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി ശരിയല്ലെന്നും ഇത് രാജ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ നിരീക്ഷിച്ചു. അമ്മമാര്‍ക്ക് ബിസിനസ്സിലും മാതൃത്വത്തിലും ഒരേപോലെ തിളങ്ങാന്‍ സാധിക്കും. എന്നാല്‍, കുടുംബമായിരിക്കണം ജീവിതത്തിന്റെ ആണിക്കല്ല്.

മക്കള്‍ക്കായി പൂര്‍ണ്ണമായി നിലകൊള്ളാന്‍ അമ്മമാര്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിലും താല്പര്യങ്ങള്‍ കണ്ടെത്തുന്നതിലും ശ്രദ്ധിക്കണം. ഇത് സ്വാര്‍ത്ഥതയല്ല, മറിച്ച് കുടുംബത്തെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ ആവശ്യമായ ഒന്നാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന അമ്മമാരുടെയും വളര്‍ത്തമ്മമാരുടെയും ത്യാഗങ്ങളെ പ്രഥമ വനിത പ്രത്യേകം അഭിനന്ദിച്ചു.