പി പി ചെറിയാന്‍
ഒക്ലഹോമ സിറ്റി: ഗര്‍ഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ നിയമത്തില്‍ ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഒപ്പുവെച്ചു. ഇതോടെ അമേരിക്കന്‍ സംസ്ഥാനമായ ഒക്ലഹോമയില്‍ ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി.
ഗര്‍ഭച്ഛിദ്രം ലക്ഷ്യമിട്ട് മിസോപ്രോസ്റ്റോള്‍ , മെത്തോട്രെക്‌സേറ്റ് തുടങ്ങിയ മരുന്നുകള്‍ വിതരണം ചെയ്യുന്നത് ഇനി മുതല്‍ ഫെലണി ആയി കണക്കാക്കും. കുറ്റം തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവോ, ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗര്‍ഭധാരണം , സ്വാഭാവികമായ ഗര്‍ഭമലസല്‍ (miscarriage) എന്നിവയുടെ ചികിത്സയ്ക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമാകില്ല.
നിയമസഭാ സമ്മേളനം അവസാനിച്ച് 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം നിലവില്‍ വരും.
പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി 'സെന്റര്‍ ഫോര്‍ റീപ്രൊഡക്റ്റീവ് റൈറ്റ്സ്' ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. ഗര്‍ഭച്ഛിദ്രത്തിനായി സ്വന്തം മകളെ സഹായിക്കുന്ന മാതാപിതാക്കള്‍ പോലും ജയിലിലാകാന്‍ ഈ നിയമം കാരണമാകുമെന്ന് സംഘടനയുടെ സീനിയര്‍ കൗണ്‍സല്‍ നിമ്ര ചൗധരി പറഞ്ഞു. ജനങ്ങളെയും ഡോക്ടര്‍മാരെയും ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും അവര്‍ ആരോപിച്ചു.
ഒക്ലഹോമയില്‍ നിലവില്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് ഏതാണ്ട് പൂര്‍ണ്ണമായ നിരോധനമുണ്ട് (അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തിലൊഴികെ). പുതിയ നിയമം വെറും രാഷ്ട്രീയ നാടകമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ തന്ത്രമാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി.