എച്ച്-1ബി വിസ നിയമങ്ങള്‍ കടുപ്പിക്കാന്‍ ട്രംപ് ഭരണകൂടം; ശമ്പള പരിധിയില്‍ വന്‍ വര്‍ദ്ധനവ്

By: 600002 On: May 11, 2026, 10:55 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് ജോലി നല്‍കുന്നതിനുള്ള എച്ച്-1ബി വിസ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികള്‍ക്ക് കൂടുതല്‍ ബാധ്യതയാക്കുന്ന രീതിയില്‍ അവരുടെ മിനിമം ശമ്പള പരിധി കുത്തനെ ഉയര്‍ത്താനാണ് നീക്കം.

പുതിയ നിര്‍ദ്ദേശപ്രകാരം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു എന്‍ട്രി ലെവല്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് എച്ച്-1ബി വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 162,000 ഡോളര്‍ (ഏകദേശം 1.35 കോടി രൂപ) വാര്‍ഷിക ശമ്പളം നല്‍കണം. ഇത് നിലവിലുള്ളതിനേക്കാള്‍ 30% കൂടുതലാണ്.

ന്യൂയോര്‍ക്കില്‍ ശമ്പള പരിധി 132,000 ഡോളറായും ഡാളസില്‍ 113,000 ഡോളര്‍ ആയും ഉയരും.

കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്നത് വഴി അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.

ഈ പരിഷ്‌കാരം നടപ്പിലായാല്‍ അമേരിക്കയിലെ പ്രമുഖ കമ്പനികള്‍ക്ക് ആദ്യ വര്‍ഷം മാത്രം 18 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 43 ബില്യണ്‍ ഡോളറായി ഉയര്‍ന്നേക്കാം. ഐടി മേഖലയ്ക്ക് പുറമെ മെഡിസിന്‍, ഫിനാന്‍സ്, ഗവേഷണം തുടങ്ങിയ മേഖലകളെയും ഇത് ദോഷകരമായി ബാധിക്കും.

അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ത്ഥികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നത് കാരണം തുടക്കക്കാരെ നിയമിക്കാന്‍ കമ്പനികള്‍ മടിച്ചേക്കും. ഇത് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയവര്‍ മുന്‍പ് ഉപയോഗപ്പെടുത്തിയ തൊഴില്‍ പാതയെ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍ വിപണിയിലെ ചൂഷണം ഒഴിവാക്കാനും അതിവിദഗ്ധരായ തൊഴിലാളികളെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനും ഈ മാറ്റം സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.