ഒൻ്റാരിയോയിൽ സാമ്പത്തിക കെടുകാര്യസ്ഥതയെയും ഭരണപരമായ വീഴ്ചകളെയും തുടർന്ന് കോനെസ്റ്റോഗ കോളേജിൻ്റെ മുഴുവൻ ബോർഡ് അംഗങ്ങളെയും പ്രീമിയർ ഡഗ് ഫോർഡ് പിരിച്ചുവിട്ടു. കോളേജ് മുൻ പ്രസിഡൻ്റെ ജോൺ ടിബിറ്റ്‌സിന് ചട്ടങ്ങൾ ലംഘിച്ച് ഏകദേശം 3.8 മില്യൺ ഡോളറിലധികം (ഏകദേശം 31 കോടി രൂപ) എക്സിറ്റ് പാക്കേജ് നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിൻ്റെ ഈ കർശന നടപടി.
നിലവിലെ നിയമപ്രകാരം പിരിഞ്ഞുപോകുന്ന ഉദ്യോഗസ്ഥർക്ക് 24 മാസത്തെ ശമ്പളത്തിന് തുല്യമായ തുക മാത്രമേ നൽകാൻ അനുവാദമുള്ളൂ എന്നിരിക്കെ, ടിബിറ്റ്‌സിന് 83 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് നൽകിയത്. കോളേജിൻ്റെ ഭരണം ഉടൻ തന്നെ ലിൻഡ ഫ്രാങ്ക്ലിൻ്റെ മേൽനോട്ടത്തിലുള്ള അഡ്മിനിസ്ട്രേറ്റർക്ക് കൈമാറാൻ പ്രവിശ്യാ സർക്കാർ ഉത്തരവിട്ടു.
സർക്കാർ നടത്തിയ ഓഡിറ്റിൽ കോളേജിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ മറ്റ് സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് വിമാനയാത്രകളും ആഡംബര താമസസൗകര്യങ്ങളും ഉൾപ്പെട്ട ഇറ്റലിയിലേക്കുള്ള വിനോദയാത്രകൾ, ഔദ്യോഗിക ചട്ടങ്ങൾ പാലിക്കാതെ മദ്യത്തിനും ഭക്ഷണത്തിനുമായി ചിലവഴിച്ച വൻ തുകകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോളേജ് അടുത്തിടെ 500-ലധികം ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോളേജിൻ്റെ സാമ്പത്തിക അച്ചടക്കം വീണ്ടെടുക്കാനും വിദ്യാർത്ഥികളുടെ പഠനത്തിന് മുൻഗണന നൽകുന്ന രീതിയിൽ ഭരണസംവിധാനം പുനഃക്രമീകരിക്കാനുമാണ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതെന്ന് കോളേജ് ആൻഡ് യൂണിവേഴ്സിറ്റീസ് മന്ത്രി നോളൻ ക്വിൻ വ്യക്തമാക്കി.