ബാബു പി സൈമണ്‍, ഡാളസ്
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തില്‍ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 8-ന് വൈകുന്നേരം 'ഇന്ത്യ പാലസ്' ഹോട്ടലില്‍ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റര്‍ അംഗങ്ങള്‍ക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റര്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഐ.ഒ.സി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാക്ക് തോമസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണെന്ന് ഗുരദേവ് ഹെയര്‍ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകള്‍ കേരളത്തില്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു നൈനാന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി അഞ്ജു ബിജിലി, 'സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും പറഞ്ഞു.
വൈസ് പ്രസിഡന്റ് ജോജി വര്‍ഗീസ്, 'കേരളം ആഗ്രഹിച്ച മാറ്റം യാഥാര്‍ത്ഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശിച്ചു.
യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവര്‍ത്തകരുടെ കഠിനാധ്വാനവും യു.ഡി.എഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറര്‍), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജന്‍), സാം ഡേവിഡ് , എന്നിവര്‍ ആശംസ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അഴിമതിയില്ലാത്തതും സാമ്പത്തിക അച്ചടക്കമുള്ളതുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാന്‍ ഈ ഭരണം പ്രത്യാശ നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നവകേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവെപ്പായി ഈ വിജയം മാറട്ടെ എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആശംസിച്ചു. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രവാസ ലോകത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് സമ്മേളനം ഉറപ്പുനല്‍കി. ആവേശകരമായ മുദ്രാവാക്യങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. വിപുലമായ വിജയാഘോഷങ്ങള്‍ക്കു ശേഷം ചടങ്ങുകള്‍ സമാപിച്ചു.