സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ഏറ്റവും വിശുദ്ധമായ ദിനങ്ങളിലൊന്നായ വൈശാഖി കാൽഗറിയിൽ അതിവിപുലമായി ആഘോഷിച്ചു. നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിയ വർണ്ണാഭമായ 'നഗർ കീർത്തൻ' ഘോഷയാത്രയിൽ എൺപതിനായിരത്തോളം പേർ പങ്കെടുത്തു. കാൽഗറി സ്റ്റാംപീഡ് കഴിഞ്ഞാൽ നഗരത്തിൽ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ പരിപാടിയായി ഇത് മാറി.
ദശമേഷ് കൾച്ചർ സെൻ്ററിൽ നിന്ന് ആരംഭിച്ച് പ്രേറി വിൻഡ്‌സ് പാർക്കിൽ അവസാനിച്ച ഘോഷയാത്രയിൽ സിഖ് മതഗ്രന്ഥം വഹിച്ചുകൊണ്ടുള്ള ഭജനകളും പ്രാർത്ഥനകളും മുഴങ്ങി. ഗുരു ഗോബിന്ദ് സിംഗ് ജി 'ഖൽസ പന്ത്' സ്ഥാപിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതാണ് വൈശാഖി ആഘോഷം. സിഖ് മതത്തിലെ 'സേവ' (നിസ്വാർത്ഥ സേവനം) എന്ന മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യമായി സസ്യാഹാരങ്ങൾ വിതരണം ചെയ്തു. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണവും വൈദ്യസഹായവും നൽകാൻ മുന്നോട്ടുവന്നത്.
വർണ്ണാഭമായ ഫ്ലോട്ടുകളും ആയോധനകലകളുടെ പ്രദർശനവും ഭക്തിഗാനങ്ങളും ഘോഷയാത്രയെ ആകർഷകമാക്കി. സിഖ് സംസ്കാരത്തിൻ്റെ കരുത്തും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓരോ ഫ്ലോട്ടുകളും. ജാതിമത ഭേദമന്യേ എല്ലാവർക്കുമായി തുറന്നുകൊടുത്ത ഈ ചടങ്ങിൽ കാനഡയിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുത്തു. സിഖ് സമൂഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും പരിസര ശുചീകരണ പ്രവർത്തനങ്ങളെയും നഗരവാസികൾ പ്രശംസിച്ചു.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് വംശജർ താമസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡയെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു. ഐക്യത്തിൻ്റെയും സേവനത്തിൻ്റെയും സന്ദേശം നൽകുന്ന വൈശാഖി ആഘോഷം കാൽഗറിയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ ഒത്തുചേർന്നതോടെ ആഘോഷം ഒരു വലിയ ജനകീയ ഉത്സവമായി മാറി.