ട്രാഫിക് സിഗ്നലിൽ കുടുങ്ങിക്കിടന്ന് ബൈക്ക്; ബ്രിട്ടീഷ് കൊളംബിയയിൽ വിചിത്രമായ വാഹനാപകടം

By: 600110 On: May 11, 2026, 6:24 AM

കാനഡയിലെ സറേ-ഡെൽറ്റ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് തെറിച്ചുപോയി ട്രാഫിക് സിഗ്നൽ പോസ്റ്റിന് മുകളിൽ കുടുങ്ങി. സിഗ്നൽ ലൈറ്റകൾക്ക് സമീപം ബൈക്ക് തൂങ്ങിക്കിടക്കുന്ന കാഴ്ച അമ്പരപ്പ് ഉളവാക്കുന്നതായി. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ  ബൈക്ക് തൂങ്ങിക്കിടക്കുന്നത് കാണാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.   പിന്നീട് ബൈക്ക് നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

120-ആം സ്ട്രീറ്റും 72-ആം അവന്യൂവും ചേരുന്ന തിരക്കേറിയ കവലയിൽ ഒരു സെഡാൻ കാറും മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൻ്റ് ആഘാതത്തിൽ ബൈക്ക് വായുവിൽ ഉയർന്ന് ട്രാഫിക് സിഗ്നൽ പോസ്റ്റിന് മുകളിലെ കമ്പികളിൽ കുരുങ്ങുകയായിരുന്നു.ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്കുകൾ സാരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ട്രാഫിക് സിഗ്നലിൽ ബൈക്ക് തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഡെൽറ്റ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഏറെ പരിശ്രമിച്ച് ബൈക്ക് താഴെയിറക്കിയത്. ഇതിനായി സ്കോട്ട് റോഡിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.ബൈക്ക് എങ്ങനെയാണ് ഇത്രയും ഉയരത്തിൽ കുടുങ്ങിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.