കാൽഗറിയിൽ കൗമാരക്കാർക്കിടയിൽ അക്രമം വർദ്ധിക്കുന്നതായി പൊലീസ്. മുൻകാലങ്ങളിൽ മോഷണം പോലുള്ള കുറ്റകൃത്യങ്ങളിലായിരുന്നു യുവാക്കൾ കൂടുതൽ ഉൾപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ അത് ഗുരുതരമായ മർദ്ദനങ്ങളിലേക്കും ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളിലേക്കും മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ കണക്കുകൾ പ്രകാരം, യുവാക്കൾ നടത്തുന്ന അക്രമങ്ങൾ ഏകദേശം ഇരട്ടിയായി വർദ്ധിച്ചു.
2014-ൽ 685 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-ൽ ഇത് 1,218 ആയി ഉയർന്നു. എന്നാൽ ഇതേ കാലയളവിൽ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ആക്രമണങ്ങൾക്കായി കൗമാരക്കാർ വ്യാപകമായി 'ബിയർ സ്പ്രേ' ഉപയോഗിക്കുന്നുണ്ട്. ഇത് എളുപ്പത്തിൽ ലഭിക്കുമെന്നതാണ് ഇതിന് കാരണം. 12 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇത്തരം പ്രവണതകൾ കൂടുതലായി കാണുന്നത്. സംഘം ചേർന്ന് ഒരാളെ ആക്രമിക്കുന്ന രീതിയും വർദ്ധിച്ചുവരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ച ഔബേൺ ബേയിലുണ്ടായ അക്രമത്തിൽ ഒരു കൗമാരക്കാരനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും ഇത് ആവർത്തിക്കുന്നവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കൾ നടത്തുന്ന അക്രമങ്ങൾ കൂടുതൽ ആസൂത്രിതവും അപകടകരവുമായി മാറുകയാണ്.
സ്കൂളുകളിലും കമ്മ്യൂണിറ്റികളിലും ഈ മാറ്റം പ്രകടമാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ സർജൻ്റ് ഇവാൻ നെൽസൺ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനായി കുടുംബങ്ങളുമായി ചേർന്ന് പോലീസ് പ്രവർത്തിക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ ഇത്തരം പ്രവണതകൾ കണ്ടെത്തി തിരുത്തേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി ശക്തമായ സാമൂഹിക പിന്തുണയും ബോധവൽക്കരണ പരിപാടികളും വേണമെന്നും പോലീസ് അധികൃതർ ആവശ്യപ്പെട്ടു.