ആൽബർട്ടയും ഫെഡറൽ സർക്കാരും തമ്മിലുള്ള ഊർജ്ജ കരാർ പ്രവിശ്യയിലെ വിഘടനവാദ നീക്കങ്ങൾക്ക് അറുതി വരുത്തിയേക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. ചർച്ചകൾ പുരോഗമിക്കുന്ന പൈപ്പ്‌ലൈൻ പദ്ധതി ആൽബർട്ടയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും കാനഡയുമായുള്ള ഐക്യം ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
'ദ വെസ്റ്റ് ബ്ലോക്ക്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഡാനിയേൽ സ്മിത്ത് തൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. വെസ്റ്റ് കോസ്റ്റിലേക്കുള്ള പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിക്ക് കാർണി സർക്കാർ നൽകുന്ന പിന്തുണയെ അവർ പ്രശംസിച്ചു. വാക്കുകളല്ല, മറിച്ച് പ്രായോഗികമായ നടപടികളാണ് ആൽബർട്ടയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ കാനഡയുടെ ഫെഡറൽ സംവിധാനം കാര്യക്ഷമമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
പൈപ്പ്‌ലൈൻ പദ്ധതി ആൽബർട്ടയിലെ വിഘടനവാദ വികാരങ്ങളെ തണുപ്പിക്കാൻ സഹായിക്കും. സാമ്പത്തിക ഭദ്രതയും മികച്ച സേവനങ്ങളും ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു. എന്നാൽ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് മാത്രമല്ല ആൽബർട്ടയ്ക്ക് ആശങ്കകൾ ഉള്ളതെന്നും ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒക്ടോബറിൽ ഹിതപരിശോധന നടക്കുമെന്നും അവർ ഓർമ്മിപ്പിച്ചു. ഫെഡറൽ സർക്കാരിൻ്റെ തോക്ക് നിരോധന നിയമത്തോടും പ്രവിശ്യയ്ക്ക് വിയോജിപ്പുണ്ടെന്നും സ്മിത്ത് പറഞ്ഞു.
ക്യൂബെക് ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യകളും ഫെഡറൽ സർക്കാരിൻ്റെ നിലപാടുകളിൽ അസംതൃപ്തരാണെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രവിശ്യകൾക്ക് കൂടുതൽ അധികാരം നൽകുന്നത് രാജ്യത്തിൻ്റെ ഐക്യത്തിന് ഗുണകരമാകുമെന്നും സ്മിത്ത് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൈപ്പ്‌ലൈനുകൾക്ക് നൽകുന്ന പിന്തുണയെ സ്വാഗതം ചെയ്ത അവർ, കാനഡയുടെ ഭാവിക്ക് വെസ്റ്റ് കോസ്റ്റ് റൂട്ട് തന്നെയാണ് ഏറ്റവും മികച്ചതെന്നും ഊന്നിപ്പറഞ്ഞു.