ഓസ്‌ട്രേലിയ ഇന്ത്യ വനിതാ ടി-20 പരമ്പര നാളെ മുതല്‍ ആരംഭിക്കും. ക്വീന്‍സ്‌ലാന്‍ഡിലെ കരാര ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.10നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയാണ് ഇത്. നേരത്തെ ഏകദിന പരമ്പര 2-1നു പരാജയപ്പെട്ട ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ സമനില പിടിച്ചിരുന്നു.
പരുക്കേറ്റ റെയ്ച്ചല്‍ ഹെയിന്‍സ് ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ബിഗ് ബാഷ് ലീഗില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി തിളങ്ങിയ ഹന്ന ഡാര്‍ലിംഗ്ടണും ഓള്‍റൗണ്ടര്‍ തഹ്‌ലിയ മഗ്രാത്തും ടി20യില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍മന്‍പ്രീത് കൗര്‍ തിരികെ എത്തുന്നത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കും. ദി ഹണ്ട്രഡിലെ തകര്‍പ്പന്‍ പ്രകടനം കഴിഞ്ഞെത്തുന്ന ജമീമ റോഡ്രിഗസ് മൂന്നാം നമ്പറില്‍ ഹര്‍ലീന്‍ ഡിയോളിനു പകരം ടീമില്‍ ഇടം നേടിയേക്കും. ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള പൂനം യാദവ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
Content Highlights: Australia india t20 series tomorrow