സമൂഹമാധ്യമങ്ങളില്‍ ഒരു വൈറസിനെ കുറിച്ച് വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. ഹാന്റാ വൈറസ്. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 അംഗ ക്രൂസ് സംഘത്തില്‍ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം? പരിശോധിക്കാം.
എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യര്‍ അത് ശ്വസിക്കാന്‍ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസര്‍ജ്യം കലര്‍ന്ന പ്രതലങ്ങളില്‍ തൊടുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.
രോഗബാധിതനായ ആളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകള്‍ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളര്‍ച്ചയും ക്ഷീണവും, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
രോഗം മുര്‍ച്ഛിക്കുമ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മര്‍ദ്ദം കുറയുക, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹാന്റ വൈറസിന്റെ ആന്‍ഡീസ് സ്ട്രെയിന്‍ ആണ് കപ്പലില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. നിലവില്‍ ഹാന്റ വൈറസിന് വാക്സിനുകള്‍ ഇല്ല.