വി.ഡി. സതീശന്‍ യു ഡി എഫിനെ നയിക്കണം: പ്രവാസി സമൂഹത്തിന്റെ ശബ്ദമായി ജോഫി ജേക്കബ്, ഡാളസ്

By: 600002 On: May 9, 2026, 10:13 AM



 

ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) 102 സീറ്റ് എന്ന വിസ്മയ വിജയത്തിലേക്ക് നയിച്ച  വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐ ഒ സി ഡാളസ് യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു.

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയും കഴിഞ്ഞ 18 വര്‍ഷമായി അമേരിക്കയില്‍ ആരോഗ്യമേഖലയില്‍ സംരംഭകനുമായ ജോഫി ജേക്കബ്, പ്രവാസി മലയാളികള്‍ക്കിടയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനശൈലിയും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് പൂര്‍ണ്ണ വിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയില്‍ സതീശന് യുഡിഎഫിനെ വന്‍ വിജയത്തിലേക്ക് നയിക്കുവാന്‍  സാധിച്ചുവെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ  പോരാട്ടങ്ങള്‍ യുഡിഎഫിന് പുതിയ കരുത്താണ് പകര്‍ന്നത്. ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം കേരളത്തിന്റെ ശോഭനമായ ഭാവിക്ക് അനിവാര്യമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി അണിനിരന്നതു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വിജയം കൈവരിക്കാന്‍ സഹായകമായി. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി നിഷ്പക്ഷ വോട്ടര്‍മാരെപ്പോലും മുന്നണിയിലേക്ക് ആകര്‍ഷിച്ചു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നും ജോഫി ജേക്കബ് കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനവുമായി ചേര്‍ന്നുനില്‍ക്കുന്ന ജോഫി ജേക്കബ്, കെഎസ്യു സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും കോണ്‍ഗ്രസ് ആശയങ്ങളോടുള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. ഐ ഒ സി ഡാളസ് യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡാളസ് സന്ദര്‍ശിച്ചപ്പോള്‍ സ്വീകരണ പരിപാടികളുടെ ഏകോപനത്തിലും സജീവമായി പങ്കെടുത്തിരുന്നു.

കേരളത്തിലെയും അമേരിക്കയിലെയും സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശബ്ദമാണ് താന്‍ ഉയര്‍ത്തുന്നതെന്നും, വി.ഡി. സതീശനെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നുവെന്നും ജോഫി ജേക്കബ് തന്റെ കത്തില്‍ ഊന്നിപ്പറഞ്ഞു.