പി പി ചെറിയാന്‍
ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാര്‍തോമാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ. ജോബിന്‍ ജോസ് അച്ചനും കുടുംബവും മിഷിഗണിലെത്തി. 2026 മെയ് 8 വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അച്ചനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു.
1978-ല്‍ സ്ഥാപിതമായ ഡെട്രോയിറ്റ് മാര്‍തോമാ ഇടവകയുടെ പതിനെട്ടാമത് വികാരിയായാണ് ജോബിന്‍ ജോസ് അച്ചന്‍ ചുമതലയേല്‍ക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിന്‍സി ആനി ജോര്‍ജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിന്‍, നഥാന്‍ ജോസ് ജോബിന്‍, നിയ മറിയം ജോബിന്‍ എന്നിവരും ഉണ്ടായിരുന്നു.
എയര്‍പോര്‍ട്ടിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ചര്‍ച്ച് പാഴ്‌സനേജിലേക്കുള്ള യാത്രയ്ക്കിടെ അച്ചനും കുടുംബവും ഡെട്രോയിറ്റ് മാര്‍തോമാ പള്ളി സന്ദര്‍ശിച്ചു. അവിടെ കൂടിയിരുന്ന ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനയോടെയും വലിയ സന്തോഷത്തോടെയും അവരെ സ്വീകരിച്ചു.
പുതിയ ശുശ്രൂഷാ ദൗത്യത്തിന് തുടക്കം കുറിക്കുന്ന അച്ചനെയും കുടുംബത്തെയും തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ സ്മരിക്കണമെന്ന് ഇടവക സെക്രട്ടറി വിനോദ് തോമസ് അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളില്‍ ഇടവകാംഗങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും വരുന്ന ഞായറാഴ്ചത്തെ ആരാധനയില്‍ എല്ലാവരോടുമൊപ്പം ചേര്‍ന്ന് ദൈവത്തെ സ്തുതിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നതായി അച്ചനും കുടുംബവും അറിയിച്ചു.