കനേഡിയൻ ടെലികോം കമ്പനിയായ 'ടെലസ്' തങ്ങളുടെ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ കോൾ സെൻ്റർ ജീവനക്കാർ ആശങ്കയിലെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളുമായുള്ള സംഭാഷണങ്ങൾക്കിടയിൽ 'AI കോ-പൈലറ്റ്' നിർബന്ധമായും ഉപയോഗിക്കണമെന്ന കമ്പനിയുടെ പുതിയ നിർദ്ദേശം, തങ്ങളുടെ തൊഴിൽ വൈദഗ്ധ്യം എഐയെ പഠിപ്പിക്കാനാണോ എന്ന ഭയമാണ് ജീവനക്കാർ പങ്കുവെക്കുന്നത്. ഭാവിയിൽ തങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഈ സംവിധാനം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടോ എന്ന് പത്ത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥർ പോലും സംശയിക്കുന്നുണ്ട്.
തൊഴിലാളി യൂണിയനുകളും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സഹായത്തിനുള്ള ഒരു ഉപകരണം എന്ന നിലയിലാണ് എഐ അവതരിപ്പിക്കപ്പെടുന്നതെങ്കിലും, ക്രമേണ ഇത് മനുഷ്യ അധ്വാനത്തിന് പകരമാകുമെന്ന് പലരും അഭിപ്രായപ്പെട്ടു. ജനുവരി മുതൽ കോൾ സെൻ്ററുകളിലെ പ്രധാനപ്പെട്ട കോളുകളിൽ 100 ശതമാനവും എഐ ഉപയോഗിക്കണമെന്ന് കമ്പനി ഇമെയിൽ വഴി അറിയിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കാനഡയിലെ ആയിരക്കണക്കിന് ടെലികോം ജീവനക്കാർ.