ഡോക്ടറുടെ നിർദ്ദേശമില്ലാതെ ലാബ് പരിശോധന: ആൽബർട്ട സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധം

By: 600110 On: May 9, 2026, 9:24 AM

 

 

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ രോഗികൾക്ക് സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ പരിശോധനകൾ നടത്താൻ അനുമതി നൽകുന്ന പുതിയ സർക്കാർ നിയമത്തിനെതിരെ ആൽബർട്ടയിലെ ഡോക്ടർമാർ രംഗത്ത്. 'ബിൽ 29' എന്നറിയപ്പെടുന്ന പുതിയ ആരോഗ്യ നിയമ ഭേദഗതിയുടെ ഭാഗമായാണ് ഈ നിർദ്ദേശം.
 
ആശുപത്രികളിലെ നീണ്ട ക്യൂ ഒഴിവാക്കാനും പരിശോധനകൾ വേഗത്തിലാക്കാനുമാണ് ഈ നീക്കമെന്ന് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. എം.ആർ.ഐ , സി.ടി സ്കാൻ, രക്തപരിശോധന തുടങ്ങിയവ സ്വകാര്യ ലാബുകളിൽ നിന്ന് നേരിട്ട് പണം നൽകി ചെയ്യാൻ സാധിക്കും.ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ ജീവന് ഭീഷണിയായ അസുഖങ്ങൾ കണ്ടെത്തിയാൽ ആ തുക സർക്കാർ തിരിച്ചുനൽകുമെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു.

എന്നാൽ ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) ഈ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. ഇതിൻ്റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഡോക്ടറുടെ മേൽനോട്ടമില്ലാതെ പരിശോധനകൾ നടത്തുന്നത് അനാവശ്യമായ ആശങ്കകൾക്കും തുടർപരിശോധനകൾക്കും കാരണമാകും. ഇത് നികുതിപ്പണത്തിൽ പ്രതിവർഷം 10 ലക്ഷം ഡോളറിൻ്റെ അധികബാധ്യത വരുത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഇൻ്റർനെറ്റിലെയും എഐ ആപ്പുകളിലെയും തെറ്റായ വിവരങ്ങൾ വിശ്വസിച്ച് രോഗികൾ സ്വയം ചികിത്സ നിശ്ചയിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.  അനാവശ്യ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യാൻ ഡോക്ടർമാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നത് നിലവിലെ ചികിത്സാ സംവിധാനങ്ങളെ കൂടുതൽ തളർത്തും.

രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കൂടുതൽ വിവരങ്ങൾ നിയമം നടപ്പിലാക്കുന്ന മുറയ്ക്ക് അറിയിക്കുമെന്നുമാണ് സർക്കാർ നൽകുന്ന മറുപടി. എന്നാൽ ഡോക്ടറുടെ സാന്നിധ്യമില്ലാതെ ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നത് ആരോഗ്യമേഖലയെ തകർക്കുമെന്ന് മെഡിക്കൽ അസോസിയേഷൻ ആവർത്തിക്കുന്നു.