ഒൻ്റാരിയോയിലെ ബ്രോക്ക്‌വില്ലിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലുള്ള ഇയാളെ മെയ് 28-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11:30 ഓടെയാണ് കാർട്ടിയർ കോർട്ടിലെ ഒരു വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 49 വയസ്സുള്ള അമ്മയും അവരുടെ 15-ഉം 17-ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബ്രോക്ക്‌വില്ലിൻ്റെ പ്രാന്തപ്രദേശത്ത് അന്വേഷണം നടത്തിയ പൊലീസും 17 വയസ്സുകാരനായ പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മൂന്ന് കൊലക്കുറ്റങ്ങളും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസ് ചാർജ് ചെയ്യുകയുമായിരുന്നു.
ഇതൊരു ആകസ്മികമായ ആക്രമണമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുമായി പ്രതി പ്രണയബന്ധത്തിലായിരുന്നുവെന്ന് ഇൻസ്പെക്ടർ ബോയ്ഡ് പറഞ്ഞു. വളരെ സങ്കീർണ്ണമായ കേസാണിതെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ബ്രോക്ക്‌വിൽ പോലീസ് സർവീസുമായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.