ഹൻറാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വിദഗ്ധർ. എന്നാൽ സാധാരണ ജനങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാണെന്നും സർക്കാർ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി വ്യത്യസ്ത വിമാനങ്ങളിൽ വെച്ച് സമ്പർക്കമുണ്ടായ മൂന്ന് പേരെ നിലവിൽ നിരീക്ഷിച്ചു വരികയാണെന്ന് കാനഡയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസ് റെയ്മർ പറഞ്ഞു. ഇതിൽ രണ്ട് പേർ ആൽബർട്ടയിലും ഒരാൾ ഒൻ്റാരിയോയിലുമാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ രണ്ട് ആൽബർട്ട സ്വദേശികളെക്കുറിച്ചുള്ള വിവരം ആൽബർട്ട പ്രൈമറി ആൻഡ് പ്രിവൻ്റേറ്റീവ് ഹെൽത്ത് സർവീസ് മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായിട്ടില്ല.ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന 'ആൻഡീസ്' വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഇത് സാധാരണയായി കാനഡയിൽ കാണപ്പെടാറില്ലാത്തതിനാൽ പ്രാദേശികമായി പടരാനുള്ള സാധ്യത വളരെ കുറവാണ്.
നേരത്തെ പടർച്ചവ്യാധി റിപ്പോർട്ട് ചെയ്ത 'എംവി ഹോണ്ടിയസ്' എന്ന വിനോദസഞ്ചാര കപ്പലിൽ ആറ് കാനഡക്കാർ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് പേർ നാട്ടിൽ തിരിച്ചെത്തി ഐസൊലേഷനിലാണ്. ബാക്കി നാല് പേർ ഇപ്പോഴും കപ്പലിലുണ്ട്.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഏക ഹൻറാ വൈറസ് ഇനമാണ് ആൻഡീസ് വൈറസ്. എങ്കിലും വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ എന്ന് കാനഡയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസ് റെയ്മർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്ന് മുതൽ ആറ് ആഴ്ച വരെ സമയമെടുത്തേക്കാം. കപ്പലിലുള്ള കാനഡക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സ്പെയിൻ അധികൃതരുമായി ചേർന്ന് നയതന്ത്ര പ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ട്.