മെക്സിക്കോയിൽ 19-കാരനായ കനേഡിയൻ യുവാവ് കുത്തേറ്റു മരിച്ചു

By: 600110 On: May 8, 2026, 11:51 AM

മെക്സിക്കോയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലർട്ടയിൽ 19 വയസ്സുള്ള കനേഡിയൻ യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടു. ഓട്ടവ സ്വദേശിയായ ജെറമി ഗ്രാൻ്റ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:20-ഓടെ ഇക്സ്റ്റാപ്പ മേഖലയിലെ ലോസ് റിയോ സിലായിരുന്നു സംഭവം. മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘം ജെറമിയെ വളഞ്ഞിട്ട് മർദ്ദിക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. കുറ്റകൃത്യത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും ജെറമിക്ക് ലഹരിമരുന്ന് സംഘങ്ങളുമായോ മറ്റ് കുറ്റകൃത്യങ്ങളുമായോ ബന്ധമില്ലെന്ന് അദ്ദേഹത്തിൻ്റെ കുടുംബം വ്യക്തമാക്കി.
കുട്ടിക്കാലം മുതൽ മെക്സിക്കോയിൽ താമസിച്ചിരുന്ന ജെറമിക്ക് സ്പാനിഷ് ഭാഷയിൽ വിദഗ്ദ്ധനായിരുന്നു.  നിർമ്മാണ പ്രവർത്തനങ്ങളിലും ബൈബിൾ പഠന ക്ലാസുകൾ എടുക്കുന്നതിലും  സന്നദ്ധ സേവനങ്ങളിലും സജീവമായിരുന്നു.

ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ജെറമിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലും വയറിലും മാരകമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് മെക്സിക്കോയിൽ വിദേശ വിനോദസഞ്ചാരികൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത്  ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.