എച്ച്.ഐ.വി വ്യാപനം രൂക്ഷം: മാനിറ്റോബയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By: 600110 On: May 8, 2026, 11:36 AM

പ്രവിശ്യയിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മാനിറ്റോബ സർക്കാർ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും അടിയന്തര നടപടികൾ അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ശാരീരിക സമ്പർക്കം എന്നിവയാണ് രോഗബാധിതരുടെ എണ്ണം കൂടാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിൽ തന്നെ തദ്ദേശീയ സമൂഹങ്ങളെയാണ് ഈ പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുന്നത്.

ദാരിദ്ര്യവും മതിയായ ആരോഗ്യ സേവനങ്ങളുടെ അഭാവവുമാണ് പ്രശ്നം വഷളാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഭയം മൂലം പലരും പരിശോധനയ്ക്ക് തയ്യാറാകാത്തതും വെല്ലുവിളിയാകുന്നുണ്ട്. രോഗവ്യാപനം തടയാൻ പരിശോധനകൾ വർധിപ്പിക്കാനും ചികിത്സ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചു. 'ഹാം റിഡക്ഷൻ'  പദ്ധതികൾ വിപുലീകരിക്കുമെന്നും തദ്ദേശീയ നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

എന്നാൽ  സർക്കാരിൻ്റെ നടപടി വൈകിപ്പോയെന്ന് കനേഡിയൻ എച്ച്.ഐ.വി/എയ്ഡ്സ് ലീഗൽ നെറ്റ്‌വർക്ക് കുറ്റപ്പെടുത്തി. വർഷങ്ങളായി നൽകിയ മുന്നറിയിപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും അവർ വിമർശിച്ചു. ഗ്രാമപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും കൂടുതൽ ബോധവൽക്കരണവും സേവനങ്ങളും എത്തിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൂടുതൽ വിഭവങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രവിശ്യാ ഭരണകൂടത്തിൻ്റെ പ്രതീക്ഷ.