ഹൻ്റാ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വിനോദസഞ്ചാര കപ്പലിൽ യാത്ര ചെയ്ത മൂന്ന് കാനഡക്കാരെ നിരീക്ഷണത്തിലാക്കി. ഒൻ്റാരിയോയിൽ നിന്നുള്ള രണ്ടുപേരും ക്യൂബെക്കിൽ നിന്നുള്ള ഒരാളുമാണ് നിലവിൽ കടുത്ത ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്നത്. 'എംവി ഹോണ്ടിയസ്' എന്ന കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുപേർക്ക് രോഗം ബാധിച്ച കപ്പലിൽ ഒരു ഡച്ച് യാത്രക്കാരൻ ഉൾപ്പെടെ മൂന്നുപേർ ഇതിനകം മരണമടഞ്ഞു.
രോഗലക്ഷണങ്ങൾ പ്രകടമാകാൻ 30 ദിവസത്തോളം സമയമെടുക്കും എന്നതിനാൽ യാത്രക്കാർ നാട്ടിലെത്തിയ ദിവസം മുതൽ ഒരു മാസത്തേക്ക് നിരീക്ഷണം തുടരും. നിലവിൽ ഇവർക്ക് ആർക്കും രോഗലക്ഷണങ്ങളില്ല.ഒൻ്റാരിയോ സ്വദേശികൾ കപ്പലിൽ നിന്ന് നേരിട്ടെത്തിയവരാണ്. എന്നാൽ ക്യൂബെക് സ്വദേശി കപ്പലിൽ ഉണ്ടായിരുന്നില്ലെന്നും വിമാനയാത്രയ്ക്കിടെ സമ്പർക്കമുണ്ടായെന്ന് സംശയിക്കുന്നതിനാലാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരില്ലെന്ന് ഒൻ്റാരിയോ ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് അറിയിച്ചു. നിലവിൽ പൊതുജനങ്ങൾക്കും മറ്റു യാത്രക്കാർക്കും ഭീഷണിയില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. കപ്പലിൽ തുടരുന്ന മറ്റ് നാല് കാനഡക്കാരെ കാനറി ദ്വീപുകളിൽ ഇറക്കി പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയും കനേഡിയൻ ആരോഗ്യ വകുപ്പും സംയുക്തമായാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.