ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക് ഓഫ് സിനിമാ താരം ഹണി റോസ് നിര്‍വഹിച്ചു

By: 600002 On: May 8, 2026, 9:52 AM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തില്‍ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസണ്‍ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക് ഓഫ് ചടങ്ങുകള്‍ പ്രശസ്ത സിനിമ താരം ഹണി റോസ് നിര്‍വഹിച്ചു.

മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫ്ഫോര്‍ഡ് ഇമ്മാനുവേല്‍ സെന്ററില്‍ നടത്തിയ സ്റ്റാര്‍ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിര്‍ത്തി നടത്തിയ കിക്ക് ഓഫ് ചടങ്ങുകള്‍ വര്‍ണാഭമായി മാറി. 

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തില്‍ ടിസാക്ക് അംഗങ്ങള്‍ എല്ലാവരും പ്രത്യേക യൂണിഫോമില്‍ വേദിയില്‍ അണിനിരന്നു വടംപിടിച്ചു നിന്നപ്പോള്‍ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണി റോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. മാഗ് പ്രസിഡണ്ട് റോയ് മാത്യുവും ആശംസകള്‍ നേര്‍ന്നു.    

മുന്‍വര്‍ഷങ്ങളിലെ പോലെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകാര്‍ഷിക്കത്തക്ക വിധത്തില്‍ വടംവലി കേങ്കേമമാക്കാന്‍ ക്രമീകരണങ്ങള്‍ ആരംഭിച്ചുവെന്നു സംഘാടകര്‍ അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ ശേഷിയുള്ള ഫോര്‍ട്ട് ബെന്‍ഡ്  കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter - Indoor air- conditioning) സീസണ്‍ 5 മത്സരങ്ങള്‍ നടത്തുന്നത്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാന്‍ എത്തുന്നത്. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ട്രോഫികളും
ക്യാഷ് അവാര്‍ഡുകളും നല്‍കും.