കാനഡയില്‍ ബൈബിള്‍ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവാദമായ 'ബില്‍ സി-9' നെതിരെ ശക്തമായ പ്രതിഷേധം

By: 600002 On: May 6, 2026, 11:30 AM



 

പി പി ചെറിയാന്‍

കാനഡ: കാനഡയില്‍ ബൈബിള്‍ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങള്‍ക്കും വിശ്വാസപ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവാദമായ 'ബില്‍ സി-9'  നെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം. മെയ് 1-ന് നടന്ന പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടേതുള്‍പ്പെടെ 44-ഓളം ലിബറല്‍ എം.പിമാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിക്കുന്നത് 'വെറുപ്പ് ഉളവാക്കുന്ന പ്രസംഗം എന്ന നിലയില്‍ ക്രിമിനല്‍ കുറ്റമാക്കാന്‍ ഈ ബില്ല് നിര്‍ദ്ദേശിക്കുന്നു.

'ക്യാമ്പയിന്‍ ലൈഫ് കോളിഷന്‍'  സംഘടിപ്പിച്ച പ്രതിഷേധം കാനഡയിലെ ഒന്‍പത് പ്രവിശ്യകളിലും നടന്നു.

മതപരമായ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ ഈ നിയമം തടയുമെന്നും, പോലീസിന് അനാവശ്യ അധികാരം നല്‍കുമെന്നും ഭരണഘടനാ വിദഗ്ധരും സഭാ നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നു.

ഹൗസ് ഓഫ് കോമണ്‍സില്‍ പാസ്സായ ബില്ലിനെതിരെ കണ്‍സര്‍വേറ്റീവ്, എന്‍.ഡി.പി, ഗ്രീന്‍ പാര്‍ട്ടികള്‍ ഒന്നിച്ച് വോട്ട് ചെയ്തിരുന്നു. നിലവില്‍ ബില്ല് സെനറ്റിന്റെ പരിഗണനയിലാണ്.

മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും, ബില്ലിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.