ഡാളസിലെ കാരോള്‍ട്ടണില്‍ വെടിവെപ്പ്: രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

By: 600002 On: May 6, 2026, 11:15 AM



 

പി പി ചെറിയാന്‍

ഡാളസ്: ഡാളസിലെ  കാരോള്‍ട്ടണില്‍ ബിസിനസ് കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈവേ 121-ന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.

69 വയസ്സുകാരനായ സ്യൂങ് ഹാന്‍ ഹോ എന്നയാളെ പോലീസ് പിടികൂടി. വെടിവെപ്പിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്നാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.

കൊല്ലപ്പെട്ടവരും പരിക്കേറ്റവരും മുതിര്‍ന്നവരാണ്. പരിക്കേറ്റ മൂന്ന് പേരുടെ നില നിലവില്‍ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

വെടിവെപ്പ് നടത്തിയ വ്യക്തിയും ഇരകളും തമ്മില്‍ ബിസിനസ് ബന്ധമുണ്ടായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായ പകയാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡും എടിഎഫും  പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഒരു വാന്‍ പോലീസ് റോബോട്ടിനെ ഉപയോഗിച്ച് പരിശോധിച്ച ശേഷം നീക്കം ചെയ്തു.

പൊതുജനങ്ങള്‍ക്ക് നിലവില്‍ മറ്റ് ഭീഷണികളൊന്നുമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കാരോള്‍ട്ടണ്‍ പോലീസ് അറിയിച്ചു.