കാനഡയിൽ 2026-ലെ സെൻസസ് നടപടികൾക്കായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. മണിക്കൂറിന് 25.87 ഡോളർ മുതൽ 31.32 ഡോളർ വരെയാണ് പ്രതിഫലം ലഭിക്കുക. എന്യൂമറേറ്റർ , ക്രൂ ലീഡർ എന്നീ രണ്ട് പ്രധാന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലികൾ 2026 ജൂലൈ മാസം വരെ നീണ്ടു നിൽക്കും.
അപേക്ഷകർ കാനഡയിൽ താമസിക്കുന്നവരായിരിക്കണം. കനേഡിയൻ പൗരന്മാർക്കോ സ്ഥിരതാമസക്കാർക്കോ സാധുവായ വർക്ക് പെർമിറ്റ് ഉള്ളവർക്കോ അപേക്ഷിക്കാം. ഒൻ്റാരിയോ, ക്യൂബെക് തുടങ്ങി ചില പ്രവിശ്യകളിൽ കുറഞ്ഞ പ്രായം 18 വയസ്സാണ്. ബി.സി (BC), നോവ സ്കോഷ്യ തുടങ്ങിയ ഇടങ്ങളിൽ ഇത് 19 വയസ്സാണ്. മണിക്കൂറിന് 25.87 ഡോളർ ശമ്പളം ലഭിക്കും. വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂർ ജോലി ചെയ്യണം.
2026 മെയ് നാലിനാണ് സെൻസസ് ഔദ്യോഗികമായി ആരംഭിച്ചത്. ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യാൻ സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങൾ സർക്കാരിനെ സഹായിക്കും. താല്പര്യമുള്ളവർക്ക് സെൻസസ് ജോബ്സ് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. https://www.census.gc.ca/en/jobs. തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനവും നൽകുന്നതാണ്.