കാനഡയുടെ കയറ്റുമതി മാർച്ചിൽ 8.5 ശതമാനം വർധിച്ച് 72.8 ബില്യൺ ഡോളറിലെത്തി. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിയിൽ മൂന്ന് ബില്യൺ ഡോളറിൻ്റെ (37.7%) വർധനവുണ്ടായി. ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ എണ്ണവില വർധിച്ചതും കാനഡയുടെ ഊർജ്ജ കയറ്റുമതി 15.6 ശതമാനം ഉയരാൻ കാരണമായി.
അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 8.3 ശതമാനം വർധനയുണ്ടായപ്പോൾ അവിടെ നിന്നുള്ള ഇറക്കുമതി 1.2 ശതമാനം കുറഞ്ഞു. യാത്ര വാഹനങ്ങളും ലൈറ്റ് ട്രക്കുകളുമാണ് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 9.1 ശതമാനം വർധിച്ച് റെക്കോർഡ് നിലവാരത്തിലെത്തി. ബ്രിട്ടനിലേക്കുള്ള സ്വർണ കയറ്റുമതിയും ജർമ്മനി, നെതർലൻഡ്സ് എന്നിവിടങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയുമാണ് ഇതിന് സഹായിച്ചത്.
കാനഡയുടെ ഇറക്കുമതിയിൽ 1.6 ശതമാനത്തിൻ്റെ കുറവുണ്ടായി. മരുന്നുകൾ (9.3%), വസ്ത്രങ്ങൾ, ഷൂസ് (4.2%), മാംസം (9.3%) എന്നിവയുടെ ഇറക്കുമതിയിലാണ് പ്രധാനമായും കുറവ് രേഖപ്പെടുത്തിയത്. കാനഡയുടെ വ്യാപാര ചർച്ചകളിൽ ഫെഡറൽ ഗവൺമെൻ്റിന് മാത്രമാണ് അധികാരമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. കൺസർവേറ്റീവ് എംപിമാർ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.