മെയ് ദിന റാലിയിൽ ക്യൂബെക് തൊഴിൽ മന്ത്രിക്ക് എതിരെയുള്ള പ്രതീകാത്മക പ്രതിഷേധത്തിൽ അന്വേഷണം ആരംഭിച്ച് മോൺട്രിയൽ പോലീസ്

By: 600110 On: May 6, 2026, 10:11 AM

മെയ് ദിന റാലിയിൽ ക്യൂബെക് തൊഴിൽ മന്ത്രി ജീൻ ബൗലറ്റിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധത്തിൽ അന്വേഷണം ആരംഭിച്ച് മോൺട്രിയൽ പോലീസ് . സ്റ്റേജിൽ പ്രതിഷേധക്കാർ മന്ത്രി ജീൻ ബൗലറ്റിൻ്റെ പ്രതീകാത്മകമായ തലയറുക്കൽ അവതരിപ്പിച്ചതാണ് ഈ വിവാദങ്ങൾക്ക് കാരണം.   2026 മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മോൺട്രിയലിൽ നടന്ന റാലിയിലാണ് 'വർക്കേഴ്സ് അലയൻസ്' എന്ന സംഘടന  ഈ പ്രതിഷേധം നടത്തിയത്. ഗില്ലറ്റിൻ ഉപയോഗിച്ച് മന്ത്രിയുടെ കോലത്തിൻ്റെ തലയറുത്ത പ്രതിഷേധക്കാർ, പിന്നീട് ആ കോലത്തെ ചവിട്ടുകയും പരിഹസിക്കുകയും ചെയ്തു.

സംഭവത്തിൽ മോൺട്രിയൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസ് പരിശോധിച്ചുവരികയാണ്.ഗില്ലറ്റിൻ വധശിക്ഷയുടെ പ്രതീകമായതിനാൽ, ഈ പ്രവൃത്തിയെ വധഭീഷണിയായി കണക്കാക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന് നിയമവിദഗ്ധനായ എറിക് സട്ടൺ പറഞ്ഞു. ഇത് ഒരു പ്രതീകാത്മകമായ പ്രകടനം മാത്രമാണെന്നും ഭരണവർഗത്തോടുള്ള ജനരോഷമാണ് ഇതിലൂടെ പ്രകടിപ്പിച്ചതെന്നും വർക്കേഴ്സ് അലയൻസ് അവകാശപ്പെട്ടു. ആമസോൺ ക്യൂബെക്കിൽ നിന്ന് പിന്മാറിയതും അതുമൂലം 4,000-ത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടതുമാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും അവർ പറഞ്ഞു.

ക്യൂബെക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവിധ യൂണിയനുകളും സംഭവത്തെ ശക്തമായി അപലപിച്ചു. ഇത്തരം അക്രമാസക്തമായ പ്രവണതകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ക്യൂബെക്കിൽ ഇത് അനുവദിക്കില്ലെന്നും മന്ത്രി ചന്തൽ റൂലോ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾക്കായി സംഘടിപ്പിച്ച മെയ് ദിന റാലിയുടെ ശോഭ കെടുത്താൻ ഈ വിവാദം കാരണമായി. പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ ഇതിൽ തുടർനടപടികൾ ഉണ്ടാകൂ.