റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രെയ്‌ന് 270 മില്യൺ ഡോളറിൻ്റെ അധിക സൈനിക സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. അർമേനിയയിൽ നടന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നാറ്റോ നിർദേശിച്ച അത്യാധുനിക സൈനിക സാമഗ്രികൾ വാങ്ങുന്നതിനായി ഈ തുക വിനിയോഗിക്കും. ഇതോടെ ഉക്രെയ്‌ന് കാനഡ നൽകിയ ആകെ സാമ്പത്തിക സഹായം 25.8 ബില്യൺ ഡോളറായി ഉയർന്നു.
ഉക്രെയ്‌ൻ്റെ പോരാട്ടത്തിന് കാനഡയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാനാകുമെന്നും ഉക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ കാർണി ഉറപ്പുനൽകി. യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ ആദ്യമായാണ് യൂറോപ്പിന് പുറത്തുനിന്നുള്ള ഒരു രാജ്യം ഭാഗമാകുന്നത്. സാങ്കേതികവിദ്യ, ഊർജം, ഭൂരാഷ്ട്രീയം എന്നീ മേഖലകളിൽ ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്നും പഴയകാലത്തെ മുറുകെ പിടിക്കാതെ പുതിയ സാഹചര്യങ്ങളെ നേരിടാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും കാർണി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ എന്നിവരുമായും അദ്ദേഹം ചർച്ചകൾ നടത്തി. വിതരണ ശൃംഖലകൾ, നിർണ്ണായക ധാതുക്കൾ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ യൂറോപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കാനഡയുടെ താല്പര്യവും അദ്ദേഹം ചർച്ചകളിൽ പങ്കുവെച്ചു.