കാൽഗറിയിലെ മഹോഗണി ബീച്ചിലുണ്ടായ അപകടത്തിൽ പെട്ട കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഞായറാഴ്ച വൈകുന്നേരം 7:20-ഓടെയാണ് കുട്ടി വെള്ളത്തിൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചത്. ഏകദേശം 23 അടി ആഴമുള്ള തടാകത്തിൻ്റെ അടിത്തട്ടിൽ നിന്ന് 43 മിനിറ്റുകൾക്ക് ശേഷമാണ് ഫയർഫോഴ്സ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സൗത്ത് ഹെൽത്ത് ക്യാമ്പസ് ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
അപകടത്തെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ വരെ ബീച്ച് അടച്ചിടുമെന്ന് മഹാഗണി ഹോം ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ലൈഫ് ഗാർഡുകളുടെ സേവനമില്ലാത്ത ഇടങ്ങളിൽ കുളിക്കാനിറങ്ങുന്നതിലെ അപകടസാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. തടാകങ്ങളിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ മുതിർന്നവർ ശ്രദ്ധിക്കണമെന്ന് ലൈഫ് സേവിംഗ് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി. അൽബെർട്ടയിൽ നടക്കുന്ന ഭൂരിഭാഗം മുങ്ങിമരണങ്ങളും മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.