ടൊറൻ്റോയിലെ ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കാനുള്ള ഒൻ്റാരിയോ സർക്കാരിൻ്റെ നീക്കത്തിന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്ര് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ പിയേഴ്സൺ വിമാനത്താവളത്തിലെ സേവനങ്ങൾ തൃപ്തികരമല്ലെന്നും മത്സരമില്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വിമർശിച്ചു. റൺവേ വികസിപ്പിക്കുന്നതിലൂടെ ജെറ്റ് വിമാനങ്ങൾക്ക് നഗരമധ്യത്തിൽ ഇറങ്ങാൻ സാധിക്കുമെന്നും ഇത് സാമ്പത്തിക വളർച്ചയ്ക്കും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും പൊയിലീവ്ര് ചൂണ്ടിക്കാട്ടി. ബിസിനസ്സ് യാത്രക്കാർക്ക് നഗരത്തിൻ്റെ ഹൃദയഭാഗത്തേക്ക് നേരിട്ടെത്താൻ കഴിയുന്നത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, ഈ നീക്കത്തിനെതിരെ ടൊറൻ്റോ മേയർ ഒലിവിയ ചൗവും പ്രതിപക്ഷ പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നഗരസഭയുടെ ഭൂമി പ്രവിശ്യാ സർക്കാർ ഏകപക്ഷീയമായി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മേയർ വ്യക്തമാക്കി. വിമാനത്താവള വിപുലീകരണം പരിസ്ഥിതിയെയും സമീപത്തെ പാർക്കുകളെയും ബാധിക്കുമെന്നും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നുമാണ് ഇവരുടെ വാദം. 2015-ൽ ഫെഡറൽ ലിബറൽ സർക്കാർ ഈ പദ്ധതി തടഞ്ഞിരുന്നു. നിലവിൽ ഈ വിഷയത്തിൽ എല്ലാ പങ്കാളികളുടെയും ഏകകണ്ഠമായ തീരുമാനം ആവശ്യമാണെന്ന് ഫെഡറൽ ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.