ഹിതപരിശോധന ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ച് സ്റ്റേ ഫ്രീ ആൽബർട്ട' എന്ന സംഘടന

By: 600110 On: May 5, 2026, 6:24 AM

 

കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം സമർപ്പിച്ച് വിഘടനവാദികളുടെ സംഘടന.  ഇതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് 'സ്റ്റേ ഫ്രീ ആൽബർട്ട' എന്ന സംഘടന അധികൃതർക്ക് നിവേദനം സമർപ്പിച്ചത്.

മെയ് രണ്ടിനകം 2.5 ലക്ഷം ഒപ്പുകൾ ശേഖരിക്കാനായിരുന്നു സംഘടന ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് മറികടന്ന് 3,05,000 ഒപ്പുകൾ ശേഖരിക്കാൻ അവർക്ക് സാധിച്ചു. ആൽബർട്ടയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവാണിതെന്ന് ക്യാമ്പയിൻ നേതാവ് മിച്ച് സിൽവെസ്റ്റർ പറഞ്ഞു. കനേഡിയൻ ഭരണകൂടം ആൽബർട്ടയുടെ സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും അവഗണിക്കുന്നു എന്നാണ് വിഘടനവാദികളുടെ പ്രധാന പരാതി. വിഭവങ്ങൾക്കും നികുതിക്കും മേൽ പ്രവിശ്യയ്ക്ക് പൂർണ്ണ അധികാരം വേണമെന്ന് ഇവർ വാദിക്കുന്നു.

സമർപ്പിക്കപ്പെട്ട ഒപ്പുകൾ ഇളക്ഷൻ ആൽബർട്ട പരിശോധിച്ച് ഉറപ്പുവരുത്തും. ഇത് ശരിയാണെന്ന് കണ്ടാൽ ഹിതപരിശോധന നടത്തുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. നിവേദനം സമർപ്പിച്ചെങ്കിലും ആൽബർട്ട സ്വതന്ത്രമാകുന്നത് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കനേഡിയൻ ഭരണഘടനയനുസരിച്ച് ഒരു പ്രവിശ്യയ്ക്ക് ഏകപക്ഷീയമായി രാജ്യം വിട്ടുപോകാൻ അനുവാദമില്ല. ഇത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കും.

സർവ്വേകൾ പ്രകാരം 27 ശതമാനം ആളുകൾ മാത്രമാണ് വിഘടനവാദത്തെ അനുകൂലിക്കുന്നത്. ഭൂരിഭാഗം പേരും കാനഡയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പരിഷ്കാരങ്ങൾ വരണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും ഗോത്രവർഗ്ഗ നേതാക്കളും ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നത് സാമ്പത്തിക തകർച്ചയ്ക്കും സാമൂഹിക വിള്ളലിനും കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ആൽബർട്ടയും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ, ഈ നിവേദനം കനേഡിയൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.