ട്രാഫിക് തർക്കത്തെത്തുടർന്ന് തോക്കുപയോഗിച്ച് ആക്രമണം നടത്തിയ എത്യോപ്യൻ സ്വദേശി തോമസ് കഹ്‌സെ ബെർഹെയ്‌ക്ക് കാനഡയിലെ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ, ഇയാളെ എത്യോപ്യയിലേക്ക് നാടുകടത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഈ കേസ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
2023 ജൂണിൽ കാൽഗറിയിലെ മിഷൻ ഡിസ്ട്രിക്റ്റിലാണ് സംഭവം നടന്നത്. ചെറിയൊരു ട്രാഫിക് നിയമലംഘനത്തെ ചൊല്ലി മറ്റൊരു ഡ്രൈവറുമായി ബെർഹെ തർക്കത്തിൽ ഏർപ്പെട്ടു.തർക്കത്തിന് ശേഷം ഡ്രൈവർ വാഹനം മാറ്റി നിർത്തിയെങ്കിലും, ബെർഹെ തോക്കുമായി അവിടെയെത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തി. തുടർന്നുണ്ടായ മൽപിടുത്തത്തിനിടയിൽ ബെർഹെ തോക്ക് ഉപയോഗിച്ച് ഡ്രൈവറുടെ തലയിൽ അടിച്ചു. നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു.
11 ദിവസങ്ങൾക്ക് ശേഷം ബെർഹെയെ പോലീസ് പിടികൂടി. അന്ന് ഇയാളുടെ കാറിൽ നിന്ന് ലോഡ് ചെയ്ത മറ്റൊരു തോക്കും പോലീസ് കണ്ടെടുത്തു.
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ രീതിയിൽ തോക്ക് ഉപയോഗിച്ചതിനാൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ബെർഹെയുടെ പ്രായം, കുറ്റസമ്മതം, മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തത് എന്നിവയും കോടതി പരിഗണിച്ചു.സാധാരണഗതിയിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ നാടുകടത്താറുണ്ട്. എന്നാൽ, എത്യോപ്യയിൽ നിലവിൽ യുദ്ധവും കലാപവും നടക്കുന്നതിനാൽ അവിടേക്ക് ആളെ തിരിച്ചയക്കുന്നത് കാനഡ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ബെർഹെയെ നാടുകടത്താൻ സാധ്യതയില്ലെന്ന് ജസ്റ്റിസ് എ.ജെ. ബ്രൗൺ നിരീക്ഷിച്ചു. കേസ് പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും മൊത്തമായി കുറ്റപ്പെടുത്തരുതെന്ന് മറ്റു ചിലർ വാദിക്കുന്നു.