മെട്രോ വാൻകൂവറിൽ ഇന്ധനവിലയിൽ വൻ വർധനവ്. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ശരാശരി 2.16 ഡോളറാണ് വില. കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് 55 സെൻ്റിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളിൽ വില 2.24 ഡോളർ വരെ എത്തിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആഗോളതലത്തിലെ അശാന്തിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഇറാനുമായുള്ള തർക്കങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ക്രൂഡ് ഓയിൽ നീക്കത്തെ ബാധിച്ചിട്ടുണ്ട്. കാനഡയിലെ എണ്ണശുദ്ധീകരണ ശാലകളിലുണ്ടായ പ്രവർത്തന തടസ്സങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വാൻകൂവറിൽ 10 സെൻ്റിൻ്റെ വർധനവുണ്ടായപ്പോൾ, ആൽബർട്ട ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ 20 സെൻ്റിലധികം വർധനവാണ് രേഖപ്പെടുത്തിയത്. അടുത്ത മാസത്തോടെ വിപണിയിൽ ചെറിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്യാസ് ബഡി അനലിസ്റ്റുകൾ കരുതുന്നു. ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുന്നതും അമേരിക്കയുടെ ഇടപെടലുകളും വില നിയന്ത്രിക്കാൻ സഹായിച്ചേക്കാം. എന്നിരുന്നാലും, അന്താരാഷ്ട്ര തലത്തിലെ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ട്.