കാനഡയിലെ ബാഫ് നാഷണൽ പാർക്കിൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സന്ദർശകർക്ക് കർശന സുരക്ഷാ മുന്നറിയിപ്പുമായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രംഗത്തെത്തി. മെയ് ഒന്നിന് ജോൺസ്റ്റൺ കാന്യോണിലെ 40 അടി താഴ്ചയുള്ള അതിശക്തമായ കുത്തൊഴുക്കിലേക്ക് ചാടിയ പെൻസിൽവാനിയ സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായതാണ് ഒടുവിലത്തെ ദാരുണമായ സംഭവം. പാർക്സ് കാനഡയിലെ വിദഗ്ധരും മറ്റ് ഏജൻസികളും സംയുക്തമായി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും, അപകടകരമായ സാഹചര്യങ്ങൾ കാരണം നിലവിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജലനിരപ്പും ഒഴുക്കും സുരക്ഷിതമായ നിലയിലെത്തിയാൽ മാത്രമേ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ പർവ്വതമേഖലയിൽ നടന്ന രക്ഷാദൗത്യങ്ങളുടെ തുടർച്ചയായാണ് ഈ അപകടവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം ബിഗ് ബീഹൈവ് , പ്ലെയിൻ ഓഫ് സിക്സ് ഗ്ലേസിയേഴ്സ് എന്നീ പ്രദേശങ്ങളിൽ വഴിതെറ്റിയും മഞ്ഞിൽ കുടുങ്ങിയും പോയ നിരവധി സഞ്ചാരികളെ ഹെലികോപ്റ്റർ മാർഗ്ഗമാണ് രക്ഷപ്പെടുത്തിയത്. താഴ്ന്ന ഇടങ്ങളിൽ ചൂട് കൂടുന്നുണ്ടെങ്കിലും പർവ്വതപ്രദേശങ്ങളിൽ ഇപ്പോഴും ശൈത്യകാലാവസ്ഥയും മഞ്ഞിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സന്ദർശകർ മുൻകൂട്ടി നിശ്ചയിച്ച പാതകൾ മാത്രം ഉപയോഗിക്കണമെന്നും, ശാന്തമെന്ന് തോന്നിയാൽ പോലും അരുവികളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആർ.സി.എം.പി മുന്നറിയിപ്പ് നൽകി