സണ്ണി മാളിയേക്കല്‍
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി ആല്‍ബിച്ചന്‍ മുരിങ്ങയില്‍ (ആല്‍ബിന്‍ മാത്യു) അമേരിക്കയില്‍ പിടിയിലായി. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐ.സി.ഇ (ICE) വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
മതിയായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയില്‍ താമസിച്ചതിനാണ് ഇയാള്‍ പിടിയിലായത്. ഫെബ്രുവരി 25 മുതല്‍ ഇയാള്‍ ജയിലിലാണ്.
ഇന്ത്യന്‍ ദേശീയ പതാകയെയും പ്രതിജ്ഞയെയും വികലമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രസംഗത്തിനും ഇയാള്‍ക്കെതിരെ കേരളത്തില്‍ നിരവധി കേസുകളുണ്ട്. ബിജെപി നേതാവ് അനൂപിന്റെ പരാതിയില്‍ ആലുവ പോലീസ് എടുത്ത കേസും ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍പ് പാലായിലും പൂഞ്ഞാറിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള ഇയാള്‍, 'ക്രിസ്ത്യന്‍ ലീഗ്' എന്ന പേരില്‍ സംഘടന രൂപീകരിക്കാനും ശ്രമിച്ചിരുന്നു.
അമേരിക്കന്‍ അധികൃതര്‍ ഇയാളെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നാട്ടിലെത്തുന്ന മുറയ്ക്ക് കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും.
അമേരിക്കയിലെ സുരക്ഷിതത്വത്തിലിരുന്ന് രാജ്യത്തിനെതിരെ എന്തും പറയാമെന്ന അഹങ്കാരത്തിനാണ് ഇപ്പോള്‍ നിയമപരമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്.