പി പി ചെറിയാന്‍
ഡാലസ്: ഡാലസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ മൂന്ന് സൂട്ട്‌കേസുകളിലായി കടത്താന്‍ ശ്രമിച്ച 75 പൗണ്ട് (ഏകദേശം 34 കിലോ) കഞ്ചാവുമായി 25-കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വെഗാസില്‍ നിന്നും നോര്‍ത്ത് ടെക്‌സസിലേക്ക് വരികയായിരുന്ന ജെന്നിഫര്‍ മന്‍സനാരസ്-ഹെരേര എന്ന യുവതിയാണ് പിടിയിലായത്.
വിമാനത്താവളത്തിലെ ഒരു ബാഗ് പൊട്ടി കഞ്ചാവ് പുറത്തുകാണുന്നത് ശ്രദ്ധയില്‍പ്പെട്ട എയര്‍ലൈന്‍ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാക്വം സീല്‍ ചെയ്ത പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ മറ്റ് രണ്ട് സൂട്ട്‌കേസുകള്‍ കൂടി പോലീസ് കണ്ടെടുത്തു.
യുവതിയെ നിലവില്‍ ഡാലസ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ടാം ഡിഗ്രി ഫെലണി കുറ്റം ചുമത്തപ്പെട്ട ഇവര്‍ക്ക് 25,000 ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.