രസതന്ത്രത്തെ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന രാസത്വരകങ്ങള്‍ വികസിപ്പിച്ച ഗവേഷകര്‍ക്ക് രസതന്ത്ര നൊബേല്‍

By: 600007 On: Oct 6, 2021, 2:23 PM

രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ വികസിപ്പിച്ച ഗവേഷകരായ ബഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍ 2021 ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി. ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റും ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലനും സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.

'അസിമെട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍ വികസിപ്പിച്ചതിനാ'ണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്മാത്രാനിര്‍മാണത്തിന് 'ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍' എന്ന സൂക്ഷ്മതയേറിയ പുതിയ 'ആയുധം' വികസിപ്പിച്ചവരാണ് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ ജേതാക്കള്‍. ഔഷധഗവേഷണരംഗത്ത് വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും ലിസ്റ്റിന്റെയും മാക്മില്ലന്റെയും കണ്ടെത്തല്‍ സഹായിക്കുന്നതായി സ്വീഡിഷ് അക്കാദമി വിലയിരുത്തി.

1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്‌സിറ്റി ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്ന് പി.എച്ച്.ഡി.എടുത്തു. നിലവില്‍ മാക്‌സ് പ്‌ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫര്‍ കോലന്‍ഫാര്‍ഷെങിന്റെ ഡയറക്ടറാണ് അദ്ദേഹം. 1968 ല്‍ യു.കെ.യിലെ ബെല്‍ഷില്ലില്‍ ജനിച്ച മാക്മില്ലന്‍, യു.എസില്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. 

Content Highights: Nobel Prize in Chemistry, Nobel Prize 2021, Benjamin List, David MacMill