അമേരിക്കയില്‍ പാമ്പ് കടിയേറ്റ ഭാര്യയെ രക്ഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ്  മേയര്‍

By: 600002 On: May 4, 2026, 9:56 AM



 

പി പി ചെറിയാന്‍

നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള മണ്‍റോ മേയര്‍ റോബര്‍ട്ട് ബേണ്‍സിന്റെ ഭാര്യ ലോറന് വിഷപ്പാമ്പായ കോപ്പര്‍ഹെഡിന്റെ  കടിയേറ്റു. വീട്ടുമുറ്റത്തെ മര ഊഞ്ഞാലിന് സമീപം നില്‍ക്കുമ്പോഴാണ് നാലടി നീളമുള്ള പാമ്പ് അവരെ കടിച്ചത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ലോറന്റെ നില നിലവില്‍ തൃപ്തികരമാണ്. ആന്റി-വെനം നല്‍കേണ്ടി വന്നില്ലെങ്കിലും അവര്‍ കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന് മേയര്‍ അറിയിച്ചു.

കൃത്യസമയത്ത് മികച്ച ചികിത്സ നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും പ്രാര്‍ത്ഥനകളുമായി കൂടെനിന്ന നാട്ടുകാര്‍ക്കും മേയര്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി രേഖപ്പെടുത്തി.

കോപ്പര്‍ഹെഡ് പാമ്പുകള്‍: നോര്‍ത്ത് കരോലിനയില്‍ കാണപ്പെടുന്ന വിഷപ്പാമ്പുകളില്‍ ഒന്നാണിത്. ഇവയുടെ കടി മാരകമല്ലെങ്കിലും അസഹനീയമായ വേദന ഉണ്ടാക്കും.