വാൻകൂവറിലെ ചർച്ച് ഓഫ് സയൻ്റോളജിയിൽ അതിക്രമം; ടിക് ടോക് ട്രെൻഡിനെതിരെ മുന്നറിയിപ്പുമായി പോലീസ്

By: 600110 On: May 4, 2026, 6:37 AM

വാൻകൂവറിലെ ചർച്ച് ഓഫ് സയൻ്റോളജിയിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട്  ടിക് ടോക് ട്രെൻഡിനെതിരെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി. ടിക് ടോക്കിലെ പുതിയ ട്രെൻഡായ സ്പീഡ് റണ്ണിംഗിൻ്റെ ഭാഗമായി ചർച്ച് ഓഫ് സയൻ്റോളജി കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറുന്നതായിരുന്നു പുതിയ വിനോദം. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് എത്ര ദൂരം ഉള്ളിലേക്ക് ഓടാൻ കഴിയുമെന്ന് പരീക്ഷിക്കുകയാണ് ഇതിൽ പങ്കെടുക്കുന്നവർ ചെയ്യുന്നത്. 

കാലിഫോർണിയയിലെ ഹോളിവുഡിലാണ് ഈ ട്രെൻഡ് ആദ്യം തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വാൻകൂവറിലെ ചർച്ച് ഓഫ് സയൻ്റോളജിക്ക് മുന്നിൽ ഇതിൻ്റെ ഭാഗമായി ഏകദേശം മുന്നൂറോളം പേർ തടിച്ചുകൂടി. വൈകുന്നേരം മൂന്ന് മണിയോടെ വിവരം അറിഞ്ഞ പോലീസ് സ്ഥലത്തെത്തി. ചർച്ചിൻ്റെ പിൻവശത്തുള്ള ഗേറ്റ് തകർക്കാൻ ചില യുവാക്കൾ ശ്രമിച്ചു. കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചവരെ പോലീസ് തടയുകയും അവിടെനിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ വൈകുന്നേരം അഞ്ച് മണിയോടെ വലിയൊരു സംഘം വീണ്ടും തിരിച്ചെത്തി. സംഘർഷാവസ്ഥ ഉണ്ടാക്കിയതിന് പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ വിട്ടയച്ചു. 

സോഷ്യൽ മീഡിയയിലെ വെറുമൊരു വിനോദമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അതിക്രമിച്ചു കയറുന്നത് കുറ്റകരമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പൊതുമുതൽ നശിപ്പിക്കുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അവർ ഓർമ്മിപ്പിച്ചു. ഇത്തരം കേസുകളിൽ കുടുങ്ങുന്നത് യുവാക്കളുടെ ഭാവിയെ ബാധിക്കുമെന്ന് പോലീസ് പറഞ്ഞു. ഇത് നേരത്തെ പദ്ധതിയിട്ടൊരു ആക്രമണമാണെന്നും മതപരമായ ഇടങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകളെ അപലപിക്കുന്നതായും ചർച്ച് ഓഫ് സയൻ്റോളജി പ്രതികരിച്ചു. വാൻകൂവർ പോലീസ് ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. വരും ദിവസങ്ങളിൽ ഇത്തരം ട്രെൻഡുകൾ ഉണ്ടാകാതിരിക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.