എലോൺ മസ്കും ഓപ്പൺ എ.ഐയും തമ്മിലുള്ള നിയമയുദ്ധത്തിൽ കനേഡിയൻ ടെക് എക്സിക്യൂട്ടീവായ ശിവോൺ സിലിസ് പ്രധാന ശ്രദ്ധാകേന്ദ്രമാകുന്നു. പഞ്ചാബി പാരമ്പര്യമുള്ള ഷിവോൺ, മസ്കും ഓപ്പൺ എ.ഐയും തമ്മിലുള്ള ബന്ധത്തിലെ നിർണ്ണായക കണ്ണിയായാണ് അറിയപ്പെടുന്നത്.
ഒൻ്റാരിയോയിൽ പഞ്ചാബി മാതാവിനും കനേഡിയൻ പിതാവിനും ജനിച്ച ഷിവോൺ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഐ.ബി.എമ്മിലൂടെ കരിയർ ആരംഭിച്ച അവർ ബ്ലൂംബെർഗ് ബീറ്റയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായി ജോലി ചെയ്തു. 2015-ൽ ഫോർബ്സ് മാസികയുടെ '30 അണ്ടർ 30' പട്ടികയിലും അവർ ഇടംപിടിച്ചു. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്കിൻ്റെ (Neuralink) മുതിർന്ന ഉദ്യോഗസ്ഥയാണ് ഷിവോൺ. മസ്കിൻ്റെ നാല് കുട്ടികളുടെ മാതാവായ അവർ ഇപ്പോൾ മസ്കിനൊപ്പമാണ് താമസമെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
2016 മുതൽ ഓപ്പൺ എ.ഐയിൽ ഉപദേശകയായും ബോർഡ് അംഗമായും അവർ പ്രവർത്തിച്ചിരുന്നു. 2018-ൽ മസ്ക് ഓപ്പൺ എ.ഐ വിട്ട ശേഷവും അവിടുത്തെ രഹസ്യവിവരങ്ങൾ മസ്കിന് കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചത് ഷിവോൺ ആണെന്ന് കോടതി രേഖകൾ പറയുന്നു. ഓപ്പൺ എ.ഐ അതിൻ്റെ ലാഭേച്ഛയില്ലാത്ത ലക്ഷ്യങ്ങളിൽ നിന്ന് മാറിയോ എന്നതാണ് മസ്കിൻ്റെ പ്രധാന പരാതി. ഇരുപക്ഷത്തെയും അടുത്തറിയുന്ന ഷിവോണിൻ്റെ സാക്ഷ്യം ഈ കേസിൽ നിർണ്ണായകമാകും. വ്യക്തിപരമായും തൊഴിൽപരമായും മസ്കിനോട് അടുത്ത ബന്ധം പുലർത്തുന്ന ഷിവോൺ സിലിസിൻ്റെ വെളിപ്പെടുത്തലുകൾ ഈ വിഖ്യാത കേസിൻ്റെ വിധി നിർണ്ണയിച്ചേക്കാം.