കാനഡയിലെ പുതിയ എണ്ണ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം മുറുകുന്നു

By: 600110 On: May 4, 2026, 5:58 AM

ആൽബർട്ടയിൽ നിന്ന് പുതിയ എണ്ണ പൈപ്പ് ലൈൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കം മുറുകുന്നു. പദ്ധതി യാഥാർത്ഥ്യമാകാൻ സാധ്യതയേറുന്നതായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ആഗോളതലത്തിൽ ഊർജ്ജത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും ഏഷ്യൻ വിപണികളിലേക്ക് കടന്നുചെല്ലേണ്ട കാനഡയുടെ ആവശ്യവുമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള വലിയ പദ്ധതികളുടെ ഭാഗമായിരിക്കും ഈ പൈപ്പ് ലൈൻ എന്ന് കാർണി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആൽബർട്ടയുമായി തൻ്റെ സർക്കാർ ഒരു ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും കാര്യങ്ങളിൽ ഇതുവരെ പൂർണ്ണമായ ഉറപ്പായിട്ടില്ലെന്ന് കാർണി ഊന്നിപ്പറഞ്ഞു. പൈപ്പ് ലൈൻ ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരം വരെ വേണമെന്നാണ് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ ആവശ്യം. ഏഷ്യൻ വിപണികളിലേക്ക് എത്തുന്നതിനായി മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കാനുള്ള സാധ്യതയും കാർണി മുന്നോട്ടുവെച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ കുറഞ്ഞ തെക്കൻ റൂട്ടിനോടാണ് ഫെഡറൽ സർക്കാരിന് താൽപ്പര്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

അതേ സമയം വ്യക്തമായ തീരുമാനമെടുക്കാതെ സർക്കാർ സമയം കളയുകയാണെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്റെ വിമർശിച്ചു. പദ്ധതിക്ക് സർക്കാർ സഹായം വേണ്ടെന്നും അനുമതി പത്രം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാർബൺ ടാക്സും ടാങ്കർ നിരോധനവും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.