ഒരു എല്‍. പി. ജി ടാങ്കര്‍ കൂടി ഇന്ത്യയിലേക്ക്. മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയുള്ള MT സര്‍വശക്തി ഹോര്‍മൂസ് കടലിടുക്ക് കടന്നു. കപ്പലില്‍ 46,313 മെട്രിക് ടണ്‍ LPGയാണ് ഉള്ളത്. 18 ഇന്ത്യന്‍ ജീവനക്കാര്‍ കപ്പലില്‍ ഉണ്ട്. മേയ് 13 ന് കപ്പല്‍ വിശാഖപട്ടണത്ത് എത്തും. 2008 ല്‍ നിര്‍മ്മിച്ച ഒരു എല്‍പിജി ടാങ്കറാണ് സര്‍വ ശക്തി എന്ന കപ്പല്‍, നിലവില്‍ മാര്‍ഷല്‍ ദ്വീപുകളുടെ പതാകയില്‍ സഞ്ചരിക്കുന്നു. ഗ്രീന്‍ സാന്‍വി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടണ്‍ എല്‍പിജിയുമായി നേരത്തെ കടലിടുക്ക് കടന്നത്.
എല്‍പിജിയുമായി ഇതുവരെ ഇന്ത്യയുടെ എട്ട് ടാങ്കറുകളാണ് ഹോര്‍മുസ് സുരക്ഷിതമായി പിന്നിട്ടത്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.