കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. ശശിധരൻ (V.K.S) അന്തരിച്ചു.

By: 600024 On: Oct 6, 2021, 6:04 AM

എന്തിന്നധീരത, ഇപ്പോൾ തുടങ്ങണം എല്ലാം നിങ്ങൾ പഠിക്കേണം

തയ്യാറാകണം ഇപ്പോൾ തന്നെ ആജ്ഞാശക്തിയായി മാറേണം !!!!

വി.കെ.എസ്  അദ്ദേഹത്തിന്റെ  ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ ഇത് ആലപിക്കുമ്പോൾ , സദസ്സ് നിശ്ചലമായി കേട്ടിരിക്കുമായിരുന്നു. 

1982 ൽ  കേരള ശാസ്ത്ര സാഹിത്യ പരിഷത്, ശാസ്ത്ര കലാ ജാഥയിലെ കലാപരിപാടികളിലൂടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിലേക്ക് , അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു ഇറങ്ങിച്ചെല്ലാൻ  പ്രധാന പങ്കു വഹിച്ച വ്യക്തി ആയിരുന്നു ആദ്ദേഹം. സമ്പൂർണ സാക്ഷരതയുള്ള ഒരു സംസ്ഥാനമായി   കേരളത്തെ രൂപപ്പെടുത്തിയെടുക്കാൻ പരിഷത്തിനോടൊപ്പം, അദ്ദേഹം ഈണം നൽകിയും അല്ലാതെയും , പാടിയ പാട്ടുകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

"അക്ഷരം തൊട്ടു തുടങ്ങാം

നമുക്കൊരേ ആകാശം വീണുകിട്ടാന്‍

ഇന്നലെയോളം കണ്ട കിനാവുകള്‍

ഈ ജന്മം തന്നെ നേടാന്‍ "

ഒരു പരിഷത് പ്രവർത്തകനും ഈഗാനം മറക്കാൻ സാധ്യതയില്ല.

ഈ ലേഖകൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അടൂർ യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന സമയത്തും, ഞങ്ങളുടെ ഗ്രാമമായ , ജയ്‌ഹിന്ദ്‌ ജംഗ്ഷനിൽ " ആര്യഭട്ട ബാലവേദി''  നടത്തിയിരുന്ന സമയത്തും വി.കെ. ശശിധരൻ സാറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ.എം.പി .പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു.എൺപതുകളുടെ  തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും, കേരളത്തിന്റെ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും,മലയോരത്തും, കടലോരത്തും   സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു.

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്‌, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ  അദ്ദേഹം,  കൊട്ടിയം S.N പോളിടെക്നിക്കിലെ  ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായിട്ടായിരുന്നു ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിച്ചത്.

വി.കെ. ശശിധരൻ സാറിന് " നമ്മൾ ഓൺലൈനിന്റെ " ആദരാഞ്ജലികൾ അർപ്പിക്കുന്നു.

News Content: VKS Obituary by Joseph John Calgary.